അഫ്ഗാനിസ്ഥാനിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് നേരെ താലിബാന്‍ ആക്രമണം; ആറ് മരണം

ആക്രമത്തില്‍ തകര്‍ന്ന ജര്‍മ്മന്‍ കോണ്‍സുലേറ്റ്

ആക്രമത്തില്‍ തകര്‍ന്ന ജര്‍മ്മന്‍ കോണ്‍സുലേറ്റ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജര്‍മ്മന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ ആറ് പേര്‍ മരിച്ചു. മസര്‍-ഇ-ഷരീഫ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോണ്‍സുലേറ്റിന് നേരെയാണ് താലിബാന്‍ ബോംബാക്രമണം നടത്തിയത്. ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം കഴിഞ്ഞയാഴ്ച്ച നടത്തിയ അക്രമങ്ങള്‍ക്ക് പ്രതികാരമായാണ് ഈ ആക്രമെന്ന് താലിബാന്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി താലിബാന്‍ ചാവേര്‍ ജര്‍മന്‍ കോണ്‍സുലേറ്റിന്റെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തില്‍ കോണ്‍സുലേറ്റിനുള്ളിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയം ബെര്‍ലിനില്‍ അറിയിച്ചു. മരിച്ചവരെല്ലാം അഫ്ഗാന്‍ സ്വദേശികളാണ്. ആറുപേരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയത് കോണ്‍സിലേറ്റിലെ സുരക്ഷാ ജീവനക്കാരുടെ പ്രത്യാക്രമണമാണ്.

ബൈക്കില്‍ എത്തിയ ഇവരോട് വാഹനം നിര്‍ത്താന്‍ നിരവധി തവണ ആവശ്യപ്പെട്ടിടും അനുസരിക്കാന്‍ തയ്യാറാവാതിരുന്നതോടെ വെടിവെക്കുകയായിരുന്നെന്ന് പൊലീസ് മേധാവി അബ്ദുല്‍ റസാഖ് ഖ്വാദ്രി അറിയിച്ചു. അപകടത്തില്‍ പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. അപകടത്തില്‍ കോണ്‍സുലേറ്റ് ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

DONT MISS
Top