ശ്വാസം മുട്ടി ദില്ലി ; നാല് സംസ്ഥാനങ്ങളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം

delhi

ദില്ലി: വായു മലിനീകരണം നിയന്ത്രിക്കുന്നതില്‍ അലംഭാവം കാണിച്ച രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കടുത്ത വിമര്‍ശനം. ദില്ലി നേരിടുന്ന മലിനീകരണ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിനൊപ്പം, നാല് സംസ്ഥാന സര്‍ക്കാരുകളെയും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിച്ചത്. മലിനീകരണം നിയന്ത്രിക്കുന്നതിനായി ദില്ലിക്കൊപ്പം, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.

വായുവില്‍ പാര്‍ട്ടിക്കുലേറ്റ് മാറ്ററുകളുടെ തോത് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ താപ നിലയങ്ങളുടെ പ്രവര്‍ത്തനങ്ങളും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.

അയല്‍ സംസ്ഥാനങ്ങളില്‍ വിളകള്‍ കത്തിച്ചതിനാലാണ് ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം വര്‍ധിക്കാനിടയായതെന്ന വാദത്തിന്റെ പശ്ചാത്തലത്തില്‍ വിളകള്‍ കത്തിക്കുന്നത് തടയാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും മലിനീകരണത്തിന്റെ കാരണം കണ്ടെത്തണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. മലിനീകരണം നിയന്ത്രിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ കമ്മിറ്റി യഥാ സമയം ദേശീയ ഹരിത ട്രൈബ്യൂണലുമായി പങ്ക് വെയ്ക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിയിപ്പ് ലഭിച്ചു.

അതേസമയം, ദില്ലിയില്‍ രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ ബുധനാഴ്ച വരെ അധികൃതര്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ, ദില്ലിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

DONT MISS
Top