നോട്ടുകള്‍ അസാധുവാക്കിയത് ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനം; കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

notes-sc

ഫയല്‍ ചിത്രം

ദില്ലി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ദില്ലി സ്വദേശിയായ അഭിഭാഷകന്‍ വിവേക് നാരായണ്‍ ശര്‍മ്മയാണ് സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത നടപടി ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ മാറിനല്‍കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയോ, സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടന അനുശാസിച്ചിട്ടുള്ള സാധാരണ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്റെയും, വ്യാപാരത്തിനുള്ള അവകാശത്തിന്റെയും ലംഘനമാണ്. കേന്ദ്രധനമന്ത്രാലയത്തിന്റെ നടപടി ഏകാധിപത്യപരമാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ, ഏകാധിപത്യപരമായി പദ്ധതി നടപ്പാക്കിയതിലൂടെ സാധാരണ ജനങ്ങളുടെ കച്ചവടം, വിദ്യാഭ്യാസം, ഭക്ഷണം, തുടങ്ങിയ അവകാശങ്ങള്‍ ഹനിക്കപ്പെട്ടതായും ഹര്‍ജിയില്‍ ആരോപിച്ചു.

എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് കൂടി കേള്‍ക്കണമെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ ആവശ്യം കോടതി പരിഗണിച്ചു. തുടര്‍ന്ന് കേന്ദ്രത്തിന്റെ തടസ്സവാദങ്ങള്‍ കൂടി കേള്‍ക്കുന്നതിനായി ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ചൊവ്വാഴ്ചയിലേക്ക് മാറ്റി.

നോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ബോംബെ ഹൈക്കോടതിയിലും ഹര്‍ജി ലഭിച്ചിട്ടുണ്ട്. ഒരുസംഘം അഭിഭാഷകരാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ദീപാവലി അവധിയ്ക്ക് ശേഷം റഗുലര്‍ ബെഞ്ചിനെ സമീപിക്കാന്‍ ജസ്റ്റിസ് എംഎസ് കാര്‍നിക് പരാതിക്കരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ മാസം 15 ന് പുതിയ പരാതി ഫയല്‍ ചെയ്യുമെന്ന് പരാതിക്കാര്‍ വ്യക്തമാക്കി.

DONT MISS
Top