പാഠം ഒന്ന്, ഉമേഷ് യാദവിന്റെ അബദ്ധം; ഫീല്‍ഡര്‍മാര്‍ക്ക് പാഠമായി ഉമേഷ് യാദവിന്റെ ക്യാച്ച് (വീഡിയോ)

umesh-yadav

രാജ്‌കോട്ട്: അബദ്ധങ്ങളാണ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ നേടാറുള്ളത്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. രാജ്‌കോട്ടില്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായി നിലയുറപ്പിച്ച ഇംഗ്ലണ്ടിന്റെ പ്രകടനത്തെക്കാളും ഇന്ത്യന്‍ താരം ഉമേഷ് യാദവ് നടത്തിയ അബദ്ധമാണ് നിരീക്ഷകര്‍ക്ക് ഇടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

180 പന്തുകളില്‍ നിന്നായി 124 റണ്‍സ് നേടി ഇംഗ്ലണ്ടിനെ ശക്തമായി മുന്നോട്ട് നയിച്ച വൈസ് ക്യാപ്റ്റന്‍ ജോ റൂട്ടാണ് കഥയിലെ ദുരന്ത നായകന്‍. ഏത് വിധേനയും ജോ റൂട്ടിനെ പുറത്താക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബോളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ജോ റൂട്ട് ഇളകിയിരുന്നില്ല. എന്നാല്‍ പുതിയ പന്ത് ലഭ്യമായതിന് പിന്നാലെ ഉമേഷ് യാദവിന് 81 ആം ഓവര്‍ നല്‍കിയ വിരാട് കോഹ്ലിയുടെ തന്ത്രം ഫലിച്ചു. ഉമേഷ് യാദവിന്റെ ഗുഡ് ലെങ്ങ്ത് പന്തിനെ സ്‌ട്രൈറ്റ് ഡ്രൈവിലൂടെ തിരിച്ചയക്കാന്‍ ശ്രമിച്ച ജോ റൂട്ടിന് പിഴച്ചു. പന്ത് വായുവിലൂടെ ഉമേഷ് യാദവിന്റെ കൈകളില്‍ ഭദ്രമായെത്തി. ഇംഗ്ലണ്ടിന് മേല്‍ പ്രഹരമേല്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ വിജയം പതിവ് രീതിയില്‍ ആഘോഷിച്ച ഉമേഷ് യാദവിന് പക്ഷെ ഇത്തവണ ഒരല്‍പം പിഴച്ചു. കൈയിലെത്തിയ പന്തിനെ അടുത്ത നിമിഷം തന്നെ വായുവിലേക്ക് ആഘോഷത്തിനായി എറിഞ്ഞ ഉമേഷ് യാദവിന് ‘ടൈമിങ്ങും പ്ലെയ്‌സിങ്ങും’ തെറ്റി. പന്ത് ഉമേഷ് യാദവിനെ മറികടന്ന് ദേ കിടക്കുന്നു ഗ്രൗണ്ടില്‍!

തനിക്ക് കിട്ടിയ അവസരത്തെ ഉപയോഗപ്പെടുത്തിയ ജോ റൂട്ട്, ഉമേഷ് യാദവിന്റെ അബദ്ധത്തെ അമ്പയര്‍മാരുമായി ചര്‍ച്ചയ്ക്ക് വെച്ചു. ഇംഗ്ലണ്ടിനെതിരെ ലഭിച്ച ബ്രേക്ക് ത്രൂ വിനെ വിട്ട് കളയാന്‍ ഇന്ത്യയ്ക്കും അത്ര താത്പര്യമില്ലായിരുന്നു. എന്തായാലും ആകാംഷഭരിതമായ നിമിഷങ്ങള്‍ക്ക് പിന്നാലെ, ടിവി അമ്പയര്‍ റോഡ് ടക്കര്‍ ഇന്ത്യയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു.

1999 ലെ ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിലും സമാന രീതിയില്‍ സംഭവങ്ങള്‍ നടന്നിരുന്നു. ഒസീസ് നായകന്‍ സ്റ്റീവ് വോയുടെ ക്യാച്ചെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ് ആഘോഷങ്ങള്‍ക്കിടയില്‍ പന്ത് നിലത്തിട്ടതിനെ തുടര്‍ന്ന് വിധി ഓസീസ് അനുകൂലമായി ഭവിക്കുകയായിരുന്നു.

DONT MISS