നായകവേഷത്തില്‍ നിന്ന് പിന്മാറാന്‍ സമയമായെന്ന് അലിസ്റ്റര്‍ കുക്ക്

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയായിരിക്കും നായക വേഷത്തിലുള്ള തന്റെ അവസാന മത്സരമെന്ന സൂചനയുമായി ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്. എന്നാല്‍ ഭാവി എന്തിരുന്നാലും തുടര്‍ന്നുള്ള ടെസ്റ്റ് കരിയറില്‍ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അലിസ്റ്റര്‍ കുക്ക് വ്യക്തമാക്കി. രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അലിസ്റ്റര്‍ കുക്ക്.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് നേതൃത്വം നല്‍കുന്നതോടെ ഇംഗ്ലണ്ടിന് വേണ്ടി ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ നായക വേഷം അണിഞ്ഞ താരമെന്ന റെക്കോര്‍ഡ് അലിസ്റ്റര്‍ കുക്കിന്റെ പേരിലാകും. ഇതോടെ, 54 ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ച മൈക്കല്‍ അതെര്‍ട്ടോണിന്റെ റെക്കോര്‍ഡിനെയാണ് കുക്ക് പിന്തള്ളുക. ബുധനാഴ്ച രാജ്‌കോട്ടില്‍ ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് കുക്ക് ഈ നേട്ടം സ്വന്തമാക്കുക.

2012 ലായിരുന്നു അലിസ്റ്റര്‍ കുക്ക് ഇംഗ്ലണ്ടിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. അതേ വര്‍ഷം തന്നെ ഇന്ത്യയ്്‌ക്കെതിരായ പരമ്പര 2-1 എന്ന നിലയില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അലിസ്റ്റര്‍ കുക്കിന്റെ നേതൃത്വത്തില്‍ 24 ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ട് ജയിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് ഹോം ആഷസ് പരമ്പരയും ഉള്‍പ്പെടും. 135 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 10688 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം.

നേരത്തെ, ഇന്ത്യയ്‌ക്കെതിരായ പരമ്പരയോടെയോ 2017-18 ആഷസ് പരമ്പരയോടെയോ കുക്ക് നായക സ്ഥാനത്ത് നിന്ന് പിന്മാറാണമെന്ന് മുന്‍ നായകന്‍ മൈക്കല്‍ വോഗന്‍ സൂചിപ്പിച്ചിരുന്നു.

DONT MISS
Top