ശ്വാസം മുട്ടി ദില്ലി; മലിനീകരണം തടയുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

delhi

ദില്ലി: ദില്ലിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കുറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് പൊതുതാത്പര്യഹര്‍ജി പരിഗണിക്കുന്നത്.

അന്തരീക്ഷ മലിനീകരണം തടയുന്നതിന് നല്‍കിയ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ലെന്ന് സുപ്രീംകോടതി ചുമതലപ്പെടുത്തിയ വിദഗ്ദ്ധ സമിതി ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ് തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നതാണ് ഉചിതമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.

തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മലിനീകരണത്തോത് കുറയുന്നതു വരെ നഗരത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വായുമലിനീകരണം കാരണം ദില്ലിയുടെ പലഭാഗത്തും ജനങ്ങള്‍ക്ക് കണ്ണിനും, തൊണ്ടയ്ക്കും ശ്വാസകോശത്തിനും അസ്വസ്ഥതകള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. അടുത്ത പത്ത് ദിവസത്തേക്ക് ഡീസലില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ജനറേറ്ററുകളുടെ ഉപയോഗം ദില്ലിയില്‍ നിരോധിച്ചിരിക്കുകയാണ്. പൊടി ശല്യം കുറയ്ക്കാന്‍ പ്രധാന നിരത്തുകളില്‍ തുടര്‍ച്ചയായി വെള്ളം തളിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദില്ലിയിലെ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാനും അധികൃതര്‍ നടപടികളെടുത്തിട്ടുണ്ട്.

മുമ്പ് നിലവിലുണ്ടായിരുന്ന ഒറ്റ-ഇരട്ട അക്ക വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ഒഴിവാക്കാനുള്ള പദ്ധതി പുനരാരംഭിക്കാനും നടപടികള്‍ ദില്ലി സര്‍ക്കാര്‍ പരിഗണിച്ച് കൊണ്ടിരിക്കുകയാണ്. ലോക ആരോഗ്യസംഘടനയുടെ കണ്ടെത്തലനുസരിച്ച്  ദില്ലിയിലെ മലിനീകരണ തോത് അനുവദനീയമായതിന്റെ 15 ഇരട്ടിയാണ്.

DONT MISS
Top