മോഹന്‍ലാല്‍ അഭിനയ വിസ്മയം തന്നെ; നൂറുകോടി ക്ലബ്ബിലെത്തിയ പുലിമുരുകന് അഭിനന്ദനവുമായി വി എം സുധീരന്‍

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

നൂറുകോടി ക്ലബ്ബിലെത്തിയ ആദ്യമലയാള സിനിമയായി മാറി ചരിത്രം സൃഷ്ടിച്ച പുലിമുരുകന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ഏറ്റവും ഒടുവില്‍ അഭിനന്ദനവുമായി എത്തിയിരിക്കുന്നത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണ്. മോഹന്‍ലാല്‍ ഒരു അഭിനയ വിസ്മയം ആണെന്ന് സുധീരന്‍. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരന്‍ പുലിമുരുകന്‍ ടീമിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

നേരത്തെ നിരവധി സംവിധായകരും നടന്‍മാരും മോഹന്‍ലാലിനും ചിത്രത്തിനും അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരുന്നു.

റിലീസ് ചെയ്ത് ഒരുമാസത്തിനകമാണ് 100 കോടി സ്വന്തമാക്കി മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ചിത്രം വിദേശ രാജ്യങ്ങളില്‍ കൂടി റിലീസ് ചെയ്തതാണ് 100 കോടി ക്ലബ്ബിലേക്കുള്ള പുലിമുരുകന്റെ യാത്രയ്ക്ക് വേഗം കൂട്ടിയത്.

സാറ്റലൈറ്റ് റൈറ്റും റീമേക്ക് റൈറ്റും അടക്കമുള്ള റൈറ്റ്‌സുകളില്‍ നിന്ന് 15 കോടിയോളം രൂപയാണ് നിര്‍മ്മാതാവിന്റെ കീശയിലെത്തിയത്. ഇതുള്‍പ്പെടെയാണ് 100 കോടിയെന്ന നേട്ടം പുലിമുരുകന്‍ സ്വന്തമാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 65 കോടിക്കു മേല്‍ നേടിയ ചിത്രം അമേരിക്ക, യൂറോപ്പ്, യുഎഇ എന്നിവിടങ്ങളിലും സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസം കൊണ്ട് യുഎഇയില്‍ നിന്ന് 13 കോടിക്ക് മേല്‍ നേടി എന്നാണ് വിവരം.

റിലീസ് ചെയ്ത ആദ്യ ദിവസം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ആദ്യ ആഴ്ച ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, ഏറ്റവും വേഗത്തില്‍ 10 കോടിയും 25 കോടിയും കളക്ഷന്‍ നേടുന്ന ചിത്രം എന്നിങ്ങനെ നേരത്തെ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ക്കൊപ്പമാണ് 100 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന നേട്ടവും ഈ മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കുന്നത്.

ടോമിച്ചന്‍ മുളകുപാടമാണ് പുലിമുരുകന്റെ നിര്‍മ്മാതാവ്. ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ആക്ഷന്‍ കൈകാര്യം ചെയ്തത് പീറ്റര്‍ ഹെയ്‌നാണ്. കടുവയും മനുഷ്യനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ആദ്യ ഇന്ത്യന്‍ ചിത്രവും പുലിമുരുകനാണ്.

DONT MISS
Top