വിഷപ്പുകമഞ്ഞിനെ മറികടക്കാന്‍ ദില്ലിയില്‍ കൃത്രിമ മഴ, ചൈനയില്‍ പരീക്ഷിച്ചു വിജയിച്ച കൃത്രിമ മഴയുടെ രഹസ്യമെന്ത് ?

delhiദില്ലി: അതീവഗുരുതര നില തുടരുന്ന ദില്ലിയിലെ അന്തരീക്ഷത്തെ സാധാരണ നിലയിലേക്കു കൊണ്ടുവരാന്‍ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയില്‍.  മൂടല്‍മഞ്ഞും മാലിന്യം നിറഞ്ഞ അന്തരീക്ഷവും കൂടിക്കലര്‍ന്ന് വിഷപ്പുകമഞ്ഞ് സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തെ മറികടക്കാന്‍ നിലവില്‍ കൃത്രിമ മഴ പെയ്യിക്കുന്നതു മാത്രമാണ് പ്രായോഗികമായ വഴിയെന്ന വിദഗ്ദ ഉപദേശത്തെ തുടര്‍ന്നാണ് കൃത്രിമ മഴ പെയ്യിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ഇതിനുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചുവെന്നാണ് സൂചനകള്‍. .ഇക്കാര്യം കേന്ദ്ര സർക്കാരുമായി ആലോചിച്ച്‌ നടപടിയെടുക്കാൻ ഇന്നലെ ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്‌. ഇതോടൊപ്പം, ദില്ലി സർക്കാർ നേരത്തെ പരീക്ഷിച്ച്‌ വിജയം കണ്ടിരുന്ന ഒറ്റ -ഇരട്ട അക്ക വാഹന പദ്ധതി തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആലോചിച്ചുവരികയാണ്‌.

cloud-seeding

കൃത്രിമ മഴ പെയ്യിച്ച് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന വിഷപ്പുകയെ നീക്കം ചെയ്യുന്ന കാര്യമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. കൃത്രിമ മഴമേഘങ്ങളെ അന്തരീക്ഷത്തിലെത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനു മുന്‍പേ അയല്‍രാജ്യമായ ചൈനയിലാണ് കൃത്രിമ മഴ പെയ്യിച്ച് മലിനീകരണത്തിന്റെ തോത് നിയന്ത്രണവിധേയമാക്കിയിട്ടുള്ളത്.  അന്തരീക്ഷ മലിനീകരണത്തിന്റെ സമയത്ത് മാത്രമല്ല അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ തോത് കുറയ്ക്കാനും ബീജിംഗില്‍ കൃത്രിമ മഴ പെയ്യിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വേനലില്‍ ലത്തൂരിലടക്കം കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കൃത്രിമമഴ പെയ്യിക്കാനുള്ള എല്ലാ സാങ്കേതിക സഹായങ്ങളും ചൈന ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ മെയ്യില്‍ ഇതുമായി ബന്ധപ്പെട്ട് ബീജിംഗില്‍ നിന്നുള്ള പ്രത്യേക സംഘം ലത്തൂരില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

എന്താണ് കൃത്രിമ മഴ, ഇത് ഫലപ്രദമോ

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ് . മേഘങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച സൂക്ഷ്മ ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് മഴ പെയ്യിക്കുന്നത്.

സിൽ‌വർ അയോഡൈഡ്. സള്‍ഫര്‍, പൊട്ടാസ്യം എന്നീ മൂലകങ്ങളാണ് ഇതിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍. അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന പുകമഞ്ഞിനെ ഇല്ലാതാക്കാന്‍ ഈ മഴയ്ക്കു സാധിക്കും. ഷെല്ലുകളിലൂടെ അന്തരീക്ഷത്തില്‍ കലര്‍ത്തുന്ന പൊട്ടാസ്യം ക്ലോറാഡ്, സോഡിയം ക്ലോറൈഡ്, മഗ്നീഷ്യ എന്നീ മൂലകങ്ങള്‍ മഴമേഘങ്ങളില്‍ ഉപ്പിന്റെ അംശ കടത്തിവിടുകയും ഇതിലൂടെ ഭാരം വര്‍ധിക്കുന്ന മേഘം മഴയായ് പെയ്യുകയും ചെയ്യുന്നതാണ് കൃത്രിമ മഴയ്ക്കു പിന്നിലെ അടിസ്ഥാന ശാസ്ത്രം. ശക്തിയായ പെയ്യുന്ന മഴ അന്തരീക്ഷത്തിലെ പുകമഞ്ഞിന്റെ അളവ് കുറയ്ക്കുമെന്ന് പരീക്ഷിച്ചു തെളിഞ്ഞതാണ്. എന്നാല്‍ അന്തരീക്ഷത്തിലുള്ള മേഘങ്ങളുടെ സാന്നിധ്യം പോലെയിരിക്കും ഈ പ്രവര്‍ത്തനത്തിന്റെ വിജയം.

നേരത്തെ വരള്‍ച്ച സംബന്ധിയായ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎഇയിലും കുവൈറ്റിലും ഇന്തോനീഷ്യയിലും നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ആസ്‌ട്രേലിയയിലുമടക്കം ക്ലൗഡ് സീഡിംഗ് വിദ്യ ഉപയോഗിച്ചിരുന്നു. ഈ രാജ്യങ്ങള്‍ക്കു പുറമേ നാല്‍പ്പതിലധികം രാജ്യങ്ങള്‍ ജല ലഭ്യതയ്ക്കായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ 1938, 1984-87, 1993-94 കാലയളവില്‍ അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കൃത്രിമമഴ പെയ്യിച്ചിരുന്നു.  2008ല്‍ ആന്ധ്രപ്രദേശിലെ 12 ജില്ലകളശില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ സര്‍ക്കാര്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ നടന്നില്ല. 2016 മെയ്യില്‍ മഹാരാഷ്ട്രയിലും ക്ലൗഡ് സീഡിംഗ് പരിഗണനയിലുണ്ടായിരുന്നു.

DONT MISS
Top