രാജ്യത്തിന്റെ വൈവിധ്യം അറിയിക്കാന്‍ ഇനി ബോളിവുഡ് താരങ്ങള്‍ വേണ്ട; പ്രധാനമന്ത്രി നരേന്ദ്രമോദി ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പ്രചാരണത്തിന്റെ മുഖമുദ്രയാകും

pm

ദില്ലി: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പ്രചാരണത്തില്‍ ഇനി പ്രധാനമന്ത്രി നേരന്ദ്രമോദി മുഖമുദ്രയാകും. ഈ വര്‍ഷമാദ്യം ബോളിവുഡ് താരം ആമിര്‍ ഖാനെ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പ്രചാരണത്തില്‍ നിന്നും മാറ്റിയ ടൂറിസം മന്ത്രാലയം, അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ പരിഗണിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖമുദ്രയാക്കാന്‍ അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു.

ഇനിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ രണ്ടര വര്‍ഷക്കാലയളവില്‍ വിദേശികളെ ആകര്‍ഷിക്കാനുള്ള ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ക്രഡിബിള്‍ ഇന്ത്യാ പ്രചാരണത്തില്‍ ബോളിവുഡ് താരങ്ങളുണ്ടായിരിക്കില്ല. മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണത്തിന്റെ മുഖമുദ്രയാവുകയെന്ന് മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യന്‍ ടൂറിസം രംഗത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശത്തും സ്വദേശത്തും നടത്തിയ പ്രഭാഷണങ്ങളുടെ വീഡിയോ ഫൂട്ടേജുകളും പ്രചാരണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തും.

നിലവില്‍ പ്രധാനമന്ത്രിയുടെ അനുയോജ്യമായ വീഡിയോ ഫൂട്ടേജുകള്‍ തെരഞ്ഞെടുക്കാന്‍ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചെന്നും, വരുന്ന 40-45 ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയെ മുഖമുദ്രയാക്കിയുള്ള ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പ്രചാരണത്തിന് ആരംഭം കുറിക്കുമെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പം, പ്രചാരണത്തിനായുള്ള ഏജന്‍സികളെ തെരഞ്ഞെടുക്കാനും മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ആമിര്‍ ഖാന്‍ നടത്തിയ പരാമര്‍ത്തെ തുടര്‍ന്നാണ് ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’ പ്രചാരണത്തില്‍ നിന്നും മന്ത്രാലയം ആമിര്‍ ഖാനെ മാറ്റിയിരുന്നത്. എന്നാല്‍, പ്രചാരണവുമായി ബന്ധപ്പെട്ട പരസ്യ ഏജന്‍സിയുടെ കരാര്‍ അവസാനിച്ചതിനാലാണ് ആമിര്‍ഖാനെ മാറ്റിയതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പിന്നാലെ, അമിതാഭ് ബച്ചന്‍, പ്രിയാങ്ക ചോപ്ര തുടങ്ങിയവരുടെ പേരുകള്‍ മന്ത്രാലയം പരിഗണിച്ചിരുന്നു.

DONT MISS
Top