ഭൂകമ്പത്തിന് പിന്നില്‍ സ്വവര്‍ഗാനുരാഗികളോടുള്ള ദൈവകോപമെന്ന് പുരോഹിതന്‍

italy

റോം: ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടാണ് ഇറ്റലിയില്‍ ഭൂകമ്പമുണ്ടാകുന്നത്. നൂറിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ അലയൊലികള്‍ ഇന്നും ഇറ്റലിയില്‍ അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ ഭൂകമ്പത്തിന്റെ കാരണം തേടിയിറങ്ങിയിരിക്കുകയാണ് ഒരു പുരോഹിതന്‍. ഒടുവില്‍ ഭൂകമ്പത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് അദ്ദേഹം കണ്ടെത്തുകയും ചെയ്തു. സ്വവര്‍ഗാനുരാഗികളെ അനുകൂലിച്ചത് മൂലം ഉണ്ടായ ദൈവകോപമാണ് ഭൂകമ്പത്തിന് പിന്നിലെന്നാണ് പുരോഹിതന്റെ കണ്ടെത്തല്‍. അടുത്തിടെയാണ് സ്വവര്‍ഗാനുരാഗികളെ അംഗീകരിച്ചുകൊണ്ട് ഇറ്റലിയില്‍ നിയമം വരുന്നത്.

ഇറ്റാലിയന്‍ പുരോഹിതന്‍ ജിയോവാനി കവാല്‍ കോലിയാണ്  സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയത്. നൂറിലധികം പേരുടെ ജീവന്‍ കവര്‍ന്നുകൊണ്ട് ഒക്ടോബര്‍ 30 നാണ് ഭൂകമ്പമുണ്ടാകുന്നത്. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വീട് നഷ്ടമായത് പതിനായിരങ്ങള്‍ക്കാണ്. ലോകം മുഴുവന്‍ ഇറ്റലിയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ വിവാദ പരാമര്‍ശം നടത്തിയ പുരോഹിതനെതിരെ സഭയില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ജിയോവാനിയുടെ പരാമര്‍ശത്തിനെതിരെ വത്തികാനും രംഗത്തെത്തിയിട്ടുണ്ട്. ദൈവം പ്രതികാര ദാഹിയല്ലെന്നും അത് അവിശ്വാസികളുടെ കാഴ്ച്ചപ്പാടാണെന്നുമായിരുന്നു വത്തിക്കാന്റെ പ്രതികരണം. ക്രിസ്തുവിന്റെ കാലത്തുമുതല്‍ ഇത്തരം ചിന്താഗതിയുള്ളവര്‍ ലോകത്തുണ്ടായിരുന്നതായും വത്തിക്കാന്‍ പറഞ്ഞു. ജിയോവാനിയുടെ പരാമര്‍ശം വിശ്വാസികള്‍ക്ക് കുറ്റകരവും അവിശ്വാസികള്‍ക്ക് ലജ്ജാകരവുമാണെന്ന് വത്തിക്കാനിലെ ആര്‍ച്ച് ബിഷപ്പ് ആര്‍ച്ച് ബെക്യൂ പറഞ്ഞു.

DONT MISS
Top