ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് നാളെ ഇന്ത്യയിലെത്തും; ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്തല്‍ പ്രധാന അജണ്ട

theresa

തെരേസ മെയ് ( ഫയല്‍ ചിത്രം)

ദില്ലി : മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് നാളെ ന്യൂദില്ലിയിലെത്തും. പ്രസിഡന്റ് പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന തെരേസ മെയ് നിരവധി ഉഭയകക്ഷി കരാറുകളിലും ഒപ്പുവെയ്ക്കും. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഏതെങ്കിലും രാജ്യത്തേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തുന്ന ആദ്യഔദ്യോഗിക സന്ദര്‍ശനമാണിത്.

രണ്ടുമാസം മുമ്പ് ചൈന സന്ദര്‍ശിച്ചിരുന്നെങ്കിലും, അത് ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു. പത്തോളംപേര്‍ അടങ്ങുന്ന വ്യാപാര സംഘവും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുയാണ് വ്യാപാരസംഘത്തിന്റെ സന്ദര്‍ശന ലക്ഷ്യം.

ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോണ്‍പെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ദില്ലിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-യുകെ ടെക് ഉച്ചകോടി ഇരുപ്രധാനമന്ത്രിമാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിനും, വിദ്യാഭ്യാസ വിസയ്ക്കുമുള്ള നിയന്ത്രണം ലഘൂകരിക്കണമെന്ന് ഇന്ത്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. പഠനത്തിന് ശേഷം ജോലിചെയ്യാന്‍ സൗകര്യമൊരുക്കുന്ന പോസ്റ്റ് സ്റ്റഡി വിസ പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇത്തരത്തില്‍ യുകെയില്‍ തങ്ങുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞത് ഇന്ത്യ ചൂണ്ടിക്കാട്ടും.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ബ്രിട്ടന്റെ പിന്തുണ ഇന്ത്യ തേടും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മല സീതാരാമനും ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സും തമ്മില്‍ ചര്‍ച്ച നടക്കും.

DONT MISS
Top