ജപ്പാനുമായി 10,000 കോടിയുടെ പ്രതിരോധ കരാറിന് ഇന്ത്യ ഒരുങ്ങുന്നു

us2i

അംഫിബിയസ് എയര്‍ക്രാഫ്റ്റ് ( ഫയല്‍ ചിത്രം)

ദില്ലി : ജപ്പാനുമായി പ്രതിരോധരംഗത്തെ വന്‍ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു. 12 ജാപ്പനീസ് യുഎസ് 2 ഐ ആംഫിബിയസ് എയര്‍ക്രാഫ്റ്റ് വാങ്ങാനാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം തയ്യാറെടുക്കുന്നത്. പതിനായിരം കോടിയുടെ കരാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ ഒപ്പിടാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നവംബര്‍ 11, 12 ദിവസങ്ങളിലാണ് മോദി ടോക്കിയോ സന്ദര്‍ശിക്കുന്നത്.

ഇന്ത്യന്‍ നാവികസേനയ്ക്കും തീരസംരക്ഷണസേനയ്ക്കും വേണ്ടിയാണ് ആംഫിബിയസ് എയര്‍ക്രാഫ്റ്റ് വാങ്ങുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേരുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗം കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കരാറിന് കൗണ്‍സില്‍ യോഗം പച്ചക്കൊടി കാട്ടുമെന്നാണ് സൂചന.

ആദ്യഘട്ടമായി 2017-2022 കാലയളവിലേക്ക് ആറ് ആംഫിബിയസ് എയര്‍ക്രാഫ്റ്റ് വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ശേഷിക്കുന്ന ആറെണ്ണം അടുത്തഘട്ടത്തില്‍ സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്. 2011 ല്‍ വാങ്ങാന്‍ ലക്ഷ്യമിട്ട എയര്‍ക്രാഫ്റ്റുകള്‍ വന്‍വിലയെത്തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ പ്രതിരോധമന്ത്രാലയം പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. ഇന്ത്യയുമായുള്ള തന്ത്രപ്രധാനബന്ധം കണക്കിലെടുത്ത് എയര്‍ക്രാഫ്റ്റുകളുടെ വില ജപ്പാന്‍ കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ എയര്‍ക്രാഫ്റ്റിന് 1.6 ബില്യണ്‍ യു എസ് ഡോളറാണ് വിലയിട്ടിരുന്നത്.

ഷിന്‍മായ്‌വാ ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച യുഎസ് 2 ഐ എയര്‍ക്രാഫ്റ്റിന് നാല് ഭീമന്‍ പ്രൊപ്പല്ലറുകളാണ് ഉള്ളത്. കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും പറന്നുയരാനും ഇറങ്ങാനും എയര്‍ക്രാഫ്റ്റിന്, ശേഷിയുണ്ട്. വളരെ ചെറിയ ദൂരം മാത്രം മതി പറന്നുയരാനും ഇറങ്ങാനും എന്നതും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര ഘട്ടങ്ങളില്‍ സൈനിക നീക്കത്തിനും യു.എസ് 2ഐ എയര്‍ക്രാഫ്റ്റ് സേനയ്ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

DONT MISS
Top