ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒരുമിക്കുന്നു; നായിക സമാന്ത

ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍

കൊച്ചി: മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലും തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ വിജയ് സേതുപതിയും ഒരുമിക്കുന്നു. ശിവകാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിലൂടെ കോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന ഫഹദിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ഇത്. ആരണ്യകാണ്ഡത്തിലൂടെ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ത്യാഗരാജന്‍ കുമാരരാജയുടെ ചിത്രത്തിലായിരിക്കും ഫഹദും വിജയ് സേതുപതിയും നായകന്മാരാവുക. ദേശീയ അവാര്‍ഡ് നേടിയ സംവിധായകനായ ത്യാഗരാജയുടെയും രണ്ടാമത്തെ ചിത്രമാണ് ഇത്.

ഗൗതം മേനോന്‍-അജിത്ത് കൂട്ടുകെട്ടിലെത്തിയ യെന്നെ അറിന്താലിന്റെ തിരക്കഥ രചിച്ചതും ത്യാഗരാജായായിരുന്നു. ചിത്രത്തിലെ നായിക സമാന്തയായിരിക്കും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സംവിധായകന്‍ അറിയിച്ചു. നിവീന്‍ പോളിയായിരിക്കും വിജയ് സേതുപതിയ്‌ക്കൊപ്പം നായകനാവുകയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പിസി ശ്രീറാമായിരിക്കും ക്യാമറ കൈകാര്യം ചെയ്യുക.

റാഫിയുടെ കോമഡി ചിത്രമായ റോള്‍ മോഡലിന്റെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ഫഹദ് ഇപ്പോള്‍. സുഹൃദ് ബന്ധങ്ങളേയും പ്രണയത്തേയും കുറിച്ച് സംസാരിക്കുന്ന റോള്‍ മോഡലിലെ നായിക നമിതാ പ്രമോദാണ്. ത്യാഗരാജന്റെ 2011 ല്‍ പുറത്തിറങ്ങിയ ആരണ്യ കാണ്ഡം ഗ്യാങ്സ്റ്റര്‍ ചിത്രമായിരുന്നു. തമിഴ് സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത രീതിയില്‍ തയ്യാറാക്കിയ ആരണ്യകാണ്ഡത്തിന്റെ ചുവട് പിടിച്ച് നിരവധി ചിത്രങ്ങളാണ് പിന്നീട് പുറത്ത് വന്നത്. പുതിയ ചിത്രം പൂര്‍ണ്ണമായും മസാല ചിത്രമായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

DONT MISS
Top