രാജ്യത്തെ വായ്പാക്ഷമത റേറ്റിങ്ങ് ഉയര്‍ത്താത്തത് കേന്ദ്രസര്‍ക്കാരിന് വെല്ലുവിളിയാകുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: ലോകബാങ്കിന്റെ ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടികയ്ക്ക് പിന്നാലെ ഇന്ത്യയുടെ വായ്പാക്ഷമത റേറ്റിങ് ഉയര്‍ത്താത്തതും കേന്ദ്രസര്‍ക്കാരിന് വെല്ലുവിളിയാകുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിഷ്‌ക്കരണരംഗത്ത് സമാനതകളില്ലാത്ത നടപടി സ്വീകരിച്ചിട്ടും പ്രമുഖ റേറ്റിങ് ഏജന്‍സിയായ സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഇത് അവഗണിച്ചതിനെ കേന്ദ്രസര്‍ക്കാര്‍വൃത്തങ്ങള്‍ വിമര്‍ശിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ലോകബാങ്ക് രാജ്യങ്ങളുടെ ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടിക പുറത്തുവിട്ടത്. രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 130 ആം സ്ഥാനത്തേയ്ക്ക് മാത്രമാണ് ഉയര്‍ന്നത്. യാഥാര്‍ത്ഥ്യം കണക്കിലെടുക്കാതെയാണ് ലോകബാങ്ക് പട്ടിക തയ്യാറാക്കിയത് എന്ന നിലയിലായിരുന്നു ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ വായ്പക്ഷമത റേറ്റിങ് നിലനിര്‍ത്തി കൊണ്ട് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണ് ഇന്ത്യ എന്ന പ്രതീതി ജനിപ്പിക്കുന്നതിന് സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചുവരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനങ്ങളുടെയെല്ലാം മുഖ്യ അജന്‍ണ്ടയും ഇതാണ്. ഇതിനിടെയാണ് സര്‍ക്കാരിന് വെല്ലുവിളി സ്യഷ്ടിച്ചുകൊണ്ട് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയിരുന്നുവെങ്കില്‍, അത് സര്‍ക്കാരിന്റെ വാദമുഖങ്ങളെ സാധൂകരിക്കുന്ന നിലപാടായെനെ. എന്നാല്‍ റേറ്റിങ് ഉയര്‍ത്താത്ത സാഹചര്യത്തില്‍, പരിഷ്‌ക്കരണനടപടികളുടെ ഉദ്ദേശശുദ്ധി നിക്ഷേപകരെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രമിക്കേണ്ടിവരും.

പ്രതിശീര്‍ഷവരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകാത്തതും, പൊതുകടം പരിഹരിക്കുന്നതിനുളള ന്യൂനതകളും ചൂണ്ടികാട്ടിയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഇന്ത്യയുടെ റേറ്റിങ് അതേപോലെ നിലനിര്‍ത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പരിഷ്‌ക്കരണരംഗത്ത് സമാനതകളില്ലാത്ത നടപടി സ്വീകരിച്ചിട്ടും റേറ്റിങ് ഏജന്‍സി ഇത് അവഗണിച്ചുവെന്ന് സാമ്പത്തികകാര്യസെക്രട്ടറി ശക്തികാന്താ ദാസ് വിമര്‍ശിച്ചു. ഈ വിഷയത്തില്‍ ഏജന്‍സി ആത്മപരിശോധനയ്ക്ക് തയ്യാറാകണം. എങ്കിലും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.

DONT MISS
Top