“ഞാന്‍ ഇന്ത്യാഗേറ്റിന് അടുത്തുണ്ട്, ഞാന്‍ വിഷം കഴിച്ചിരിക്കുകയാണ്”: വിമുക്ത ഭടന്‍ മകനുമായി നടത്തിയ അവസാന ഫോണ്‍ സംഭാഷണം കേള്‍ക്കാം

രാം കിഷന്റെ ഭാര്യയും മകനും

രാം കിഷന്റെ ഭാര്യയും മകനും

ദില്ലി: “ഞാന്‍ ഇന്ത്യാഗേറ്റിന് സമീപത്തുണ്ട്, ഞാന്‍ വിഷം കഴിച്ചിരിക്കുകയാണ്”. വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ തന്റെ മകനോട് അവസാനമായി പറഞ്ഞ വാക്കുകളാണിത്. സുബേദാര്‍ രാംകിഷന്‍ ഗ്രേവല്‍ മകനുമായി നടത്തിയ അവസാന ഫോണ്‍ സംഭാഷണം പുറത്തുവന്നു.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഇദ്ദേഹം ആത്മഹത്യ ചെയ്തത്.

“ജവാന്‍മാരോട് സര്‍ക്കാര്‍ അനീതിയാണ് കാട്ടുന്നത്. എനിക്കിത് സഹിക്കാന്‍ കഴിയുന്നില്ല. ഞാന്‍ തത്വങ്ങളില്‍ അധിഷ്ഠിതമായി ജീവിക്കുന്ന വ്യക്തിയാണ്. എന്റെ കുടുംബത്തിന്റെയും വിമുക്ത ഭടന്‍മാരുടേയും രാജ്യത്തിന്റെയും നല്ലതിന് വേണ്ടി ഞാന്‍ ജീവിതം അവസാനിപ്പിക്കുകയാണ്”. മൂന്ന് മിനിട്ടിലേറെ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ 70 കാരനായ രാംകിഷന്‍ പറയുന്നു.

അച്ഛനും തന്റെ സഹോദരനും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇതെന്ന് രാംകിഷന്റെ മറ്റൊരു മകനായ കുല്‍വന്ത് ഗ്രേവല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോണ്‍ ചെയ്യുന്നതിന് അഞ്ച് മിനിട്ട് മുന്‍പ് താന്‍ രണ്ട് മൂന്ന് ഗുളികകള്‍ കഴിച്ചതായി സംഭാഷണ മധ്യേ രാംകിഷന്‍ മകനോട് വ്യക്തമാക്കുന്നുണ്ട്. നിലവില്‍ 23,000 രൂപയാണ് പെന്‍ഷനായി രാംകിഷന് ലഭിക്കുന്നത്. വണ്‍റാങ്ക് വണ്‍പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയാല്‍ അദ്ദേഹത്തിന്റെ പെന്‍ഷന്‍ 28,000 ആയി വര്‍ധിക്കും. തന്റെ അവസ്ഥ വിവരിച്ച് പ്രതിരോധ മന്ത്രിക്ക് രാംകിഷന്‍ കത്തയച്ചെങ്കിലും കിട്ടിയിട്ടില്ലെന്നാണ് മന്ത്രാലയം പ്രതികരിച്ചത്.

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവന്നിരുന്ന രാം കിഷന്‍ ഇന്നലെ രാത്രിയാണ് ജീവനൊടുക്കിയത്. വിമുക്ത ഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അതിനാല്‍ കടുത്ത ഒരു ചുവട് ആവശ്യമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

DONT MISS
Top