മാധ്യമ മേഖലയിലും ജീവിതം സുരക്ഷിതമല്ല; യുനെസ്കോയുടെ ഈ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്

journalist

പ്രതീകാത്മക ചിത്രം

പാരിസ്: ലോകത്ത് ഓരോ നാലര ദിവസത്തിലും ഒരു മാധ്യമപ്രവര്‍ത്തകന്‍ വീതം കൊല്ലപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു കൊല്ലത്തിനിടയില്‍ 827 മാധ്യമപ്രവര്‍ത്തകരാണ് ജോലിക്കിടെ കൊല്ലപ്പെട്ടതെന്ന് യുനെസ്‌കോ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അറബ് രാജ്യങ്ങളായ സിറിയ, ഇറാഖ്, യെമന്‍, ലിബിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലാറ്റിന്‍ അമേരിക്കയാണ് അറബ് രാജ്യങ്ങളുടെ തൊട്ടു പിന്നിലുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണ് ഏറ്റവുമധികം മരണം സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 213 മാധ്യമപ്രവര്‍ത്തകരില്‍ 78ഉം അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

വിദേശ ജേണലിസ്റ്റുകളെ അപേക്ഷിച്ച് പ്രാദേശിക ജേണലിസ്റ്റുകളാണ് കൊല്ലപ്പെടുന്നവരില്‍ ഏറെയും. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊല്ലപ്പെടുന്ന വിദേശ മാധ്യമപ്രവര്‍ത്തകരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് സംഭവിച്ചിട്ടുള്ളത്. കൊല്ലപ്പെടുന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരുടെ എണ്ണവും പെരുകിയിട്ടുണ്ട്. 21 ഓണ്‍ലൈന്‍ ജേണലിസ്റ്റുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത്. 2014 ല്‍ ഇത് വെറും രണ്ടു പേര്‍ മാത്രമായിരുന്നു. ഇവരിലേറെയും സിറിയന്‍ ജേണലിസ്റ്റുകളാണ്.

കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഏറെയും പുരുഷന്മാരാണ്. സ്ത്രീകളെ അപേക്ഷിച്ച് 10 മടങ്ങ് പുരുഷന്മാരാണ് കൊല്ലപ്പെടുന്നത്. കൊല്ലപ്പെടുന്നവരുടെ മാത്രം കണക്കാണിത്. തട്ടിക്കൊണ്ടുപോകല്‍, പീഡനം, ഭീഷണി, എന്നിവയൊന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

DONT MISS
Top