ആശങ്കള്‍ നീക്കി ഉത്പ്പാദന മേഖല തിരിച്ചുവരവിന്റെ പാതയില്‍

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: രാജ്യത്തെ ഉത്പ്പാദന മേഖല രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. പുതിയ ഓര്‍ഡറുകള്‍ വര്‍ധിച്ചതും, വാങ്ങല്‍ശേഷി ഉയര്‍ന്നതുമാണ് ഉത്പ്പാദന മേഖലയില്‍ പ്രതിഫലിച്ചത്.

കഴിഞ്ഞ മാസങ്ങളില്‍ ഉത്പ്പാദന മേഖല തളര്‍ച്ച നേരിടുന്നുവെന്ന വാര്‍ത്തകള്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനിടെ കേന്ദ്രസര്‍ക്കാരിന്റെ സ്വപ്‌നപദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യപോലുളള പദ്ധതികളുടെ ഉദ്ദേശശുദ്ധിയെ വരെ ചോദ്യം ചെയ്ത് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

നിക്കി മാന്യൂഫാക്ച്ചറിങ് പര്‍ച്ചെയ്‌സിങ് മാനേജേഴ്‌സ് സൂചിക അനുസരിച്ച് ഒക്ടോബറില്‍ രാജ്യത്തെ ഉത്പ്പാദന മേഖല ഗണ്യമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 54.4 പോയിന്റായിട്ടാണ് ഒക്ടോബറിലെ ഉത്പ്പാദനമേഖല ഉയര്‍ന്നത്. ഇത് രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമാണ്. സെപ്തംബറില്‍ ഇത് 52.1 പോയിന്റായിരുന്നു. പുതിയ ഓര്‍ഡറുകള്‍ വര്‍ധിച്ചതും, വാങ്ങല്‍ശേഷി ഉയര്‍ന്നതുമാണ് ഉത്പ്പാദന മേഖലയില്‍ പ്രതിഫലിച്ചത്. സൂചിക 50 പോയിന്റിന് മുകളില്‍ രേഖപ്പെടുത്തുന്നത് വളര്‍ച്ചയുടെ പ്രതീകമായിട്ടാണ് വിലയിരുത്തുന്നത്.

അതേസമയം, രാജ്യത്തെ സുപ്രധാന മേഖലകളും മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തി. സ്റ്റീല്‍, പെട്രോളിയം മേഖലകളിലുണ്ടായ ഉണര്‍വിന്റെ ചുവടുപിടിച്ച് സെപ്തംബറില്‍ സുപ്രധാന മേഖലകള്‍ അഞ്ചുശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ ഇത് കേവലം 3.2 ശതമാനമായിരുന്നു. രാജ്യത്തെ എട്ടു സുപ്രധാന മേഖലകളെ അടിസ്ഥാനമാക്കിയുളള കണക്കുകൂട്ടലില്‍ സ്റ്റീല്‍ മേഖല മാത്രം 16.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പെട്രോളിയം ശുദ്ധീകരണമേഖല കൈവരിച്ച നേട്ടവും പ്രതീക്ഷ നല്‍കുന്നതാണ്. 9.3 ശതമാനം വളര്‍ച്ചയാണ് ഈ മേഖല കൈവരിച്ചത്. സിമന്റ് , ഊര്‍ജ്ജ മേഖലകള്‍ യഥാക്രമം 5.5 ശതമാനവും, 2.2 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, കഴിഞ്ഞ മാസം മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന വളം മേഖലയ്ക്ക് മങ്ങലേറ്റു. കേവലം രണ്ട് ശതമാനം വളര്‍ച്ച മാത്രമാണ് വളം മേഖല രേഖപ്പെടുത്തിയത്.

DONT MISS
Top