ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു

train

ദോഹ: ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി ട്രെയിന്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തി. എയര്‍പോര്‍ട്ട് ടെര്‍മിനലിന്റെ തെക്ക് വടക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക. 38 യാത്രക്കാര്‍ക്ക് വീതം കയറാനാവുന്ന അഞ്ച് ബോഗികളാണ് ട്രെയിനിനുള്ളത്.

ഇന്ന് അര്‍ദ്ധ രാത്രിമുതലാണ് ഹമദ് വിമാനത്താവളത്തിന്റെ തെക്ക്‌വടക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുക. അരകിലോമീറ്റര്‍ ദൂരത്തിലാണ് ട്രെയിന്‍ സര്‍വ്വീസ്. വിമാനത്താവളത്തില്‍ നിന്നു യാത്ര പുറപ്പെടുന്നവര്‍ക്കും വിമാനമിറങ്ങുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ട്രെയിന്‍ സേവനം ഉപയോഗപ്പെടുത്താനാവും. വിമാനത്താവളം വഴി യാത്രപുറപ്പെടുന്നവര്‍ സൗത്ത് സ്റ്റേഷനില്‍ നിന്നാണ് ട്രെയ്‌നില്‍ കയറേണ്ടത്. വിമാനത്താവളത്തിനകത്തെ പ്രധാന ആകര്‍ഷണമായ ലാംപ് ബിയര്‍ പ്രതിമക്കു പിറകിലാണ് സൗത്ത് സ്റ്റേഷന്‍.

വിമാനമിറങ്ങുന്നവര് ഹമദില്‍ നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് ട്രെയ്‌നില്‍ കയറണം. അറൈവല്‍, ഡിപ്പാര്‍ച്ചര്‍, ട്രാന്‍സ്ഫര്‍ പാസഞ്ചര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലും ട്രെയ്‌നുകളുടെ സേവനം ലഭ്യമാകും. 38 യാത്രക്കാര്‍ക്ക് വീതം കയറാനാവുന്ന അഞ്ച് ബോഗികളാണ് ട്രെയിനിനുള്ളത്. ഒരേ സമയം 190 യാത്രക്കാര്‍ക്കാണ് ട്രെയിനില്‍ സഞ്ചരിക്കാനാവുക. രണ്ട് ട്രെയിനുകള്‍ ഒരേ സമയത്ത് ഇരുദിശകളിലേക്കും യാത്ര ചെയ്യുന്ന വിധത്തിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ദിവസത്തിന്റെ മുഴുവന്‍ സമയവും ട്രെയിന്‍ സംവിധാനം ലഭ്യമാവും. ഇരു സ്റ്റേഷനുകള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ 90 സെക്കന്റ് മതിയാവും. ഓരോ സ്‌റ്റേഷനിലും 44 സെക്കന്റ് സമയം ട്രെയിനിന് സ്‌റ്റോപ്പുണ്ടാവും. മണിക്കൂറില്‍ 45 കിലോമീറ്ററാണ് ട്രെയിനുകളുടെ വേഗത. ആസ്‌ത്രേലിയന്‍ കമ്പനിയായ ഡോപ്പെല്‍മായറാണ് ട്രെയിനിന്റെ നിര്‍മ്മാതാക്കള്‍

DONT MISS
Top