പണി പാളിയോ; ചൈനീസ് ഉത്പന്നങ്ങളുടെ വിലയിലും ഉടന്‍ വര്‍ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: ചൈനീസ് ഉത്പ്പന്നങ്ങള്‍ ദീര്‍ഘനാളില്‍ തുച്ഛമായ വിലയ്ക്ക് ലഭിക്കില്ലെന്ന് റിപ്പോര്‍ട്ട്. ശമ്പള വര്‍ധന ഉള്‍പ്പെടെയുളള ഘടകങ്ങള്‍ നിമിത്തം ചെലവ് വര്‍ധിച്ച പശ്ചാത്തലത്തില്‍ ഉത്പന്നങ്ങളുടെ വില ഉയര്‍ത്താന്‍ ചൈന നിര്‍ബന്ധിതരാകുമെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലോകത്തിന്റെ നിര്‍മ്മാണശാല എന്നറിയപ്പെടുന്ന ചൈന മാറ്റത്തിന്റെ വക്കിലാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ആവശ്യകതയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതിന് പുറമേ തൊഴിലാളികളുടെ ശമ്പള വര്‍ധനവ് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ ഉത്പ്പന്നങ്ങളുടെ ചെലവ് ഉയരാന്‍ കാരണമാക്കി. ഇതിനിടയില്‍ ജീവനക്കാരെ വെട്ടിച്ചുരുക്കിയുളള പരീക്ഷണങ്ങള്‍ക്കും ചൈനീസ് കമ്പനികള്‍ തുടക്കം കുറിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ വിലകുറച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ദീര്‍ഘകാലം തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് ചൈന. ഈ പശ്ചാത്തലത്തില്‍ ഉത്പന്നങ്ങള്‍ക്ക് വില ഉയര്‍ത്താനുളള ശ്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൈനാ നിര്‍മ്മിതോത്പ്പന്നങ്ങളുടെ വില സെപ്തംബറില്‍ അഞ്ചുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയത് ഇതിന്റെ തെളിവായി വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. നെഗറ്റീവ് നിലയില്‍ നിന്നും ഫാക്ടറി തലത്തിലെ ഉത്പ്പന്നങ്ങളുടെ വില ഉയര്‍ന്നതും ചൈനയില്‍ ഉണ്ടാകുന്ന മാറ്റമായി സാമ്പത്തികനിരീക്ഷകര്‍ വിലയിരുത്തുന്നു. ഫാക്ടറി തലത്തിലെ ഉത്പന്നങ്ങളുടെ വില പോസിറ്റീവ് ശ്രേണിയിലേക്ക് ഉയര്‍ന്നത് നാണ്യച്ചുരുക്കത്തില്‍ വലയുന്ന ചൈനയിലെ പ്രകടമായ മാറ്റമായിട്ടാണ് ചിലര്‍ നിരീക്ഷിക്കുന്നത്. ആഗോള പ്രതിസന്ധിയില്‍ നിന്നും രാജ്യങ്ങള്‍ കരകയറിയാല്‍ ചൈനയുടെ നീക്കങ്ങള്‍ പ്രതിഫലിക്കുമെന്നും ചിലര്‍ വാദിക്കുന്നു.

അതേസമയം ചൈനീസ് ഉത്പന്നങ്ങളെ മുഖ്യമായി ആശ്രയിക്കുന്ന ഓസ്‌ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളെ, വില വര്‍ധനവ് ബാധിക്കും. ജപ്പാന്റെയും, ഓസ്‌ട്രേലിയയുടെയും മൊത്തം ഇറക്കുമതിയുടെ 25 ശതമാനവും ചൈനയില്‍ നിന്നുമാണ്. അതുപോലെ അമേരിക്ക, കാനഡ പോലുളള വികസിത രാജ്യങ്ങളെയും വില വര്‍ധനവ് സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

DONT MISS
Top