ദീപാവലി ആഘോഷം; ദില്ലിയിലെ അന്തരീക്ഷ മലിനീകരണം 14 ഇരട്ടിയായി

123dilly
ദില്ലി: ദീപാവലി ആഘോഷം ദില്ലിയെ കൊണ്ടെത്തിച്ചത് കനത്ത വായുമലിനീകരണത്തിലേക്ക്. ദീപാവലി ദിവസങ്ങളെ തുടര്‍ന്ന് ദില്ലിയിലെ വായുമലിനീകരണം 14 ഇരട്ടിയായി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ കരിമരുന്ന് പ്രയോഗങ്ങളാണ് ദില്ലിയെ കടുത്ത വായുമലിനീകരണത്തിലേക്ക് നയിച്ചത്. ദീപാവലി ആഘോഷങ്ങളില്‍ കരിമരുന്ന് ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ആഹ്വാനം നല്‍കിയിരുന്നെങ്കിലും അതു പാലിക്കപ്പെട്ടിരുന്നില്ല.

ദില്ലിയുടെ അന്തരീക്ഷത്തില്‍ 1600 ക്യൂബിക് മൈക്രോഗ്രാം മാലിന്യങ്ങളാണ് ഇപ്പോള്‍ തങ്ങി നില്‍ക്കുന്നത്. ഇത് സാധാരണ തോതിനേക്കാള്‍ 14 മടങ്ങ് കൂടുതലാണ്. ഈ സീസണില്‍ ആദ്യമായി വായുവിന്റെ ഗുണമേന്‍മ (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്) 2.5 ല്‍ എത്തി. ഇത് ആരോഗ്യമുള്ളവരെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ദില്ലിയുടെ അന്തരീക്ഷ വായുവിന്റെ ഗുണമേന്‍മ കൂടുതല്‍ മോശമായതോടെ മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

കാറ്റ് വളരെ കുറവായിരിക്കുന്നതും ചില സമയങ്ങളില്‍ കാറ്റ് തീരെ അടിക്കാതിരിക്കുന്നതുമാണ് മലിനീകരണം വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. അതോടൊപ്പം കരിമരുന്ന് പ്രയോഗങ്ങള്‍ കൂടിയതോടെ അന്തരീക്ഷത്തെ ക്രമാതീതമായതിലും കൂടുതല്‍ മലിനമാക്കി. പ്രായമായവരും കുട്ടികളും ഹൃദയ, ശ്വാസകോശ രോഗങ്ങളുള്ളവരും കഴിയുന്നതും വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സഫര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് പടക്കങ്ങള്‍ പൊട്ടിക്കരുതെന്ന് ദില്ലി നിവാസികളോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ചിലയിടങ്ങളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

DONT MISS
Top