‘മറ്റെന്തിനേക്കാളും വലുതാണ് സത്യസന്ധത’ ;ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക് താരങ്ങള്‍ വരെ അഭിനന്ദിച്ച ഇന്ത്യന്‍ താരത്തിന്റെ തീരുമാനം

ബിരേന്ദ്ര ലക്ക്റ

ബിരേന്ദ്ര ലക്ക്റ

ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യം വഴിയൊരുക്കിയത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നിനാണ്. ഹോക്കി മത്സരത്തേക്കാള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ യുദ്ധമായിരുന്നു മലേഷ്യയിലെ ക്വാന്റന്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയത്. ലോക റാങ്കിംഗില്‍ ആറാമതുള്ള ഇന്ത്യയ്ക്ക് തന്നെയായിരുന്നു കിരീട സാധ്യത കൂടുതലും. പക്ഷെ എതിരാളികള്‍ ഇന്ത്യയായതിനാല്‍ വിട്ടുകൊടുക്കാന്‍ പാകിസ്താന്‍ കഴിയില്ലായിരുന്നു.

ദീപാവലി ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്ന് പാകിസ്താനെ 3-2 ന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുക തന്നെ ചെയ്തു. ഫൈനലിന് തിരശ്ശീല വിഴുമ്പോള്‍ ഓര്‍ത്ത് വെയ്ക്കാന്‍ കിരീടനേട്ടവും വാശിയേറിയ മത്സരവും മാത്രവുമല്ല, മറ്റൊന്ന് കൂടിയുണ്ട്. മറ്റെന്തിനേക്കാളും വലുതാണ് സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട ഇന്ത്യന്‍ പ്രതിരോധ താരം ബിരേന്ദ്ര ലക്കറയുടെ ‘നിലപാട്’ ഫൈനലിലെ മറ്റൊരു സുവര്‍ണ്ണ നിമിഷമായിരുന്നു.

കളിയുടെ വിധി എഴുതപ്പെട്ട് കഴിഞ്ഞിരുന്നു. നിക്കിന്‍ തിമ്മയ്യയുടെ ഗോള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലും കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ആരാധകരുടെ വീടുകളിലും ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. തിരിച്ച് വരവിനായി പാകിസ്താന്‍ കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു. പന്ത് ഇന്ത്യന്‍ ബോക്‌സിനരികില്‍ നില്‍ക്കുകയായിരുന്ന പാക് താരം ബിലാല്‍ അലീമിന്റെ അരികിലേക്ക്, രണ്ട് ഇന്ത്യന്‍ താരങ്ങളെ മനോഹരമായി ഡ്രിബിള്‍ ചെയ്ത് ബിലാല്‍ ഗോളെന്ന് ഉറച്ച ഷോട്ടിന് തയ്യാറെടുക്കുകയായിരുന്നു. ഇന്ത്യന്‍ ഗോള്‍ മുഖത്ത് അവസരം കാത്ത് മൂന്ന് പാക് താരങ്ങള്‍ നിലയുറപ്പിച്ചിരുന്നു. അപ്പോഴാണ് പന്ത് ലക്ക്‌റയുടെ കാലില്‍ തട്ടി പുറത്തേക്ക് പോകുന്നത്. പാകിസ്താന്‍ പെനാല്‍റ്റി കോര്‍ണറിന് അപ്പീല്‍ ചെയ്തു.

lakra

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം തിരിച്ച് പിടിക്കുന്നതിന്റെ വക്കിലായിരുന്നു ഇന്ത്യ, കഴിഞ്ഞ തവണ പാകിസ്താനോടേറ്റ തോല്‍വി ഇന്ത്യയ്ക്ക് മറക്കാന്‍ സാധിക്കില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ അശ്ശീല ആംഗ്യം കാണിച്ച് ഇന്ത്യന്‍ താരങ്ങളെ അപമാനിച്ച ടീമായിരുന്നു പാകിസ്താന്‍. എന്നിട്ടും അതെല്ലാം ലക്ക്‌റ മറന്നു, കാരണം മറ്റെന്തിനേക്കാളും വലുതാണ് സ്‌പോര്‍ട്‌സ് സ്പിരിറ്റ്. എട്ട് മിനുറ്റ് മാത്രം ബാക്കിയിരിക്കെ, പെനാല്‍റ്റി കോര്‍ണര്‍ ആവശ്യപ്പെട്ട് പാകിസ്താന് അവസാനത്തെ റഫറലിന് തീരുമാനം വിടാമായിരുന്നു. റഫറി വിസിലൂതി മത്സരം നിര്‍ത്തിവച്ചു, പെനാല്‍റ്റി കോര്‍ണറായിരിക്കുമെന്ന് പാകിസ്താന് ഉറപ്പായിരുന്നു. പക്ഷെ റഫറിയ്ക്ക് ആശങ്കയായിരുന്നു അദ്ദേഹം റിവ്യൂ അമ്പയറുമായി ആശയവിനിമയം നടത്തികൊണ്ടിരിക്കെ ലക്ക്‌റ റഫറിയ്ക്കരികിലേക്ക് ഓടിയെത്തി, തീരുമാനം റിവ്യൂ അമ്പയറിന് വിടരുതെന്നും റഫറി വ്യക്തമായി കാണാന്‍ കഴിയുന്ന പൊസിഷനിലായിരുന്നില്ല നിന്നിരുന്നതെന്നും ലക്ക്‌റ അദ്ദേഹത്തോട് പറഞ്ഞു. ലക്ക്‌റയുടെ വാക്ക് മുഖവിലയ്‌ക്കെടുത്ത റഫറി റിവ്യൂ തീരുമാനം പിന്‍വലിച്ച് പെനാല്‍റ്റി കോര്‍ണര്‍ വിധിച്ചു.

ആവേശഭരിതരായ പാക് താരങ്ങള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിച്ച് ഡിയുടെ അരികിലേക്ക് ഓടിയെത്തി. അതിന് മുന്‍പ് അവരെല്ലാം ലക്ക്‌റയ്ക്ക് അരികിലെത്തി ലക്ക്‌റ കാണിച്ച ആത്മാര്‍ത്ഥയ്ക്ക് തോളില്‍ തട്ടി നന്ദി പറഞ്ഞു. പക്ഷെ വീണു കിട്ടിയ അവസരം മുതലാക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല. കിരീടം ഇന്ത്യ തന്നെ കരസ്ഥമാക്കി. സത്യം പറയുന്നതിനേയും ആത്മാര്‍ത്ഥതയോടെ പെരുമാറുന്നതിനെക്കുറിച്ചും ഓര്‍മ്മപ്പെടുത്തുന്നതായിരുന്ന ലക്ക്‌റയുടെ പ്രവൃത്തി. മത്സര ശേഷം പാക് കോച്ച് കെഎം ജുനൈദ് ലക്ക്‌റയെ കെട്ടിപ്പിടിച്ചാണ് അഭിനന്ദിച്ചത്. പാക് താരങ്ങള്‍ ഓരോരുത്തരായി ലക്കറയ്ക്ക് അരികിലെത്തി അഭിനന്ദിച്ചു. സത്യസന്ധതയാണ് മറ്റെന്തേതിനേക്കാളും വലുതെന്ന് തെളിയിക്കുകയായിരുന്നു ലക്ക്‌റ. അല്ലെങ്കില്‍ പാകിസ്താനെതിരായ മത്സരത്തില്‍ സമനില പോലും ദുരന്തമായി കാണുന്ന രാജ്യത്തിന്റെ താരമായ ലക്ക്‌റ, വിജയം മാത്രം മുന്നിലുള്ളപ്പോള്‍ അതിന് മുതിരില്ലായിരുന്നു.

DONT MISS
Top