കോപ്പിയടി ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; വിശദീകരണവുമായി ‘ഗ്രേസ് വില്ല’യുടെ സംവിധായകന്‍ രംഗത്ത്

binoy-raveendran

ഹ്രസ്വചിത്ര സംവിധായകനായ ബിനോയ് രവീന്ദ്രന്‍

കൊച്ചി: ‘ഗ്രേസ് വില്ല’ എന്ന ഹ്രസ്വചിത്രത്തിനെതിരേ ഓണ്‍ലൈന്‍ ലോകത്ത് നിന്നുയരുന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി സംവിധായകനായ ബിനോയ് രവീന്ദ്രന്‍ രംഗത്ത്. ഫെയ്‌സ്ബുക്ക് പോസ്റ്റായാണ് സംവിധായകന്റെ വിശദീകരണം. തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയാനുള്ള പോസ്റ്റാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും മറ്റ് ചില കാര്യങ്ങളും പറയേണ്ടിയിരിക്കുന്നു എന്നാണ് ആരോപണങ്ങളുടെ പശ്ചാത്തിലുള്ള പോസ്റ്റ് ആരംഭിക്കുന്നത്.

‘ഗ്രേസ് വില്ല’യ്‌ക്കെതിരായ ആരോപണങ്ങള്‍ തങ്ങളെ മാത്രമല്ല, മറ്റ് പലരേയും വേദനിപ്പിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. അതുകൊണ്ട് ഇതിന് വ്യക്തത വരുത്തേണ്ടത് ആവശ്യമാണ്. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് എന്ന സീരിസിലെ ‘ദി റൈറ്റ് കൈന്‍ഡ് ഓഫ് ഹൗസ്’ എന്ന എപ്പിസോഡ്, 1970-ല്‍ റിലീസായ ‘കാലം’ എന്ന മലയാള സിനിമ, ദൂരദര്‍ശനില്‍ കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് സംപ്രേഷണം ചെയ്ത ‘സംഭവങ്ങള്‍’ എന്ന ടെലിഫിലിം/സീരിയല്‍ എന്നിവയുടെ പകര്‍പ്പാണ് ‘ഗ്രേസ് വില്ല’ എന്നിങ്ങനെയാണ് ആരോപണങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്. ‘ദി റൈറ്റ് കൈന്‍ഡ് ഓഫ് ഹൗസ്’, ‘കാലം’ എന്നിവ പ്രശസ്ത അമേരിക്കന്‍ സാഹിത്യകാരനായ ഹെന്‍ട്രി സ്ലെസ്സാറിന്റെ ‘ദി റൈറ്റ് കൈന്‍ഡ് ഓഫ് ഹൗസ്’ എന്ന കഥയെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ടവയാണ്. മൂന്നാമത്തെ സൃഷ്ടിയും അതേ ഗണത്തിലായിരിക്കാമെന്നു കരുതുന്നു. അതിനെക്കുറിച്ച് അറിവില്ല.-പോസ്റ്റില്‍ പറയുന്നു.

ഹെന്‍ട്രി സ്ലെസ്സാറിന്റെ കഥയെ ആസ്പദമാക്കി മറിയ റോസ് എന്ന ഫെയ്‌സ്ബുക്ക് ഉപഭോക്താവ് എഴുതിയ ‘നിങ്ങള്‍ക്ക് യോജിച്ച വീട്’ എന്ന മലയാള വ്യാഖ്യാനമാണ് ഹ്രസ്വ ചിത്രത്തിലേക്ക് തങ്ങളെ നയിച്ചത്. മരിയ റോസിന്റെ പരിഭാഷയിലെ പല സംഭാഷണങ്ങളും ഗ്രേസ് വില്ലയില്‍ അതു പോലെ തന്നെ ഉപയോഗിച്ചതിനാല്‍ സംഭാഷണത്തിന്റെ ക്രെഡിറ്റ്‌സില്‍ അദ്ദേഹത്തിന്റെ പേര് കൂടി നല്‍കി. കഥയുടെ യഥാര്‍ത്ഥ അവകാശിയായ ഹെന്‍ട്രി സ്ലെസ്സാറിന്റെ പേര് എന്‍ഡ് ക്രെഡിറ്റ്‌സില്‍ കഥാപാത്രങ്ങളുടെ തൊട്ടു താഴെയായി നല്കുകയും, ഗ്രേസ് വില്ലയുടെ ക്രെഡിറ്റ്‌സില്‍ നിന്നും കഥ, തിരക്കഥ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു.-പോസ്റ്റ് തുടരുന്നു.

മേല്‍പ്പറഞ്ഞ കഥ ഹിച്ച്‌കോക്കിന്റേതാണെന്ന ധാരണയില്‍ ഗ്രേസ് വില്ലയെക്കുറിച്ചുള്ള ആദ്യകാല ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും ആദ്യ പ്രിവ്യു കോപ്പിയിലും ക്രെഡിറ്റ് നല്കിയിരുന്നത് ഹിച്ച്‌കോക്കിനായിരുന്നു എന്നാണ് പിന്നീട് പോസ്റ്റില്‍ പറയുന്നത്. പിന്നീട് മരിയ റോസും മറ്റു സുഹൃത്തുക്കളും ആ കഥയെഴുതിയത് ഹെന്‍ട്രി സ്ലെസ്സാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഹിച്ച്‌കോക്കിന്റെ പേര് മാറ്റി ഹെന്‍ട്രി സ്ലെസ്സാറിന്റെ പേര് ക്രെഡിറ്റില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു.-പോസ്റ്റില്‍ പറയുന്നു.

പിന്തുണച്ചവര്‍ക്കും കൂടെ വന്നവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് സംവിധായകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ഈ ഹ്രസ്വചിത്രം. യൂട്യൂബില്‍ ഇതുവരെ ഒരുലക്ഷത്തിനു മേല്‍ ആളുകള്‍ ഈ ചിത്രം കണ്ടു കഴിഞ്ഞു.

സംവിധായകന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

DONT MISS
Top