കെടി ജലീലിനും മുമ്പേ ഒരു മുസ്‌ലിം ലീഗ് എംഎല്‍എയും ശബരിമല സന്ദര്‍ശിച്ചിരുന്നു; ആരായിരുന്നു ആ എംഎല്‍എ?

sabarimala-temple

ശബരിമല ക്ഷേത്രം (ഫയല്‍ ചിത്രം)

ശബരിമല: തദ്ദേശ സ്വയംഭരണ-ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി കെടി ജലീല്‍ ശബരിമല സന്ദര്‍ശിച്ചതായിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്ത. ശബരിമല സന്ദര്‍ശിക്കുന്ന ആദ്യ മുസ്‌ലിം മന്ത്രി എന്ന ചരിത്ര നേട്ടമാണ് ഇതിലൂടെ കെടി ജലീല്‍ സ്വന്തമാക്കിയത്. എന്നാല്‍ ഇതിനും ഒരു കൊല്ലം മുന്‍പ് ശബരിമല സന്ദര്‍ശിച്ച ഒരു മുസ്‌ലിം ലീഗ് എംഎല്‍എ ഉണ്ടായിരുന്നു. സന്ദര്‍ശനത്തെ കുറിച്ച് തന്റെ ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പക്ഷേ അന്നത് വാര്‍ത്തയായിരുന്നില്ല.

ഏറനാട് എംഎല്‍എയും ശബരിമലയുമായി ബന്ധപ്പെട്ട നിയമസഭാ സമിതിയിലെ അംഗവുമായ പികെ ബഷീറാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21-ആം തിയ്യതി ശബരിമല സന്ദര്‍ശിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു സന്ദര്‍ശനം. പികെ ബഷീര്‍ എംഎല്‍എയോടൊപ്പം നിയമസഭാ സമിതി ചെയര്‍മാനായ വിഎസ് സുനില്‍ കുമാറും ഉണ്ടായിരുന്നു.

പതിനെട്ടാം പടിയ്ക്ക് സമീപത്ത് നിന്നും ക്ഷേത്രത്തിനു സമീപത്ത് നിന്നുമടക്കമുള്ള ചിത്രങ്ങള്‍ സഹിതം അന്ന് തന്നെ സന്ദര്‍ശനത്തെ കുറിച്ച് എംഎല്‍എ ഫെയ്‌സ്ബുക്ക്ില്‍ പോസ്റ്റ് ചെയ്തിരുന്നു. പമ്പയില്‍ തുണി ഉപേക്ഷിക്കുന്നത് തടയുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ടവര്‍ക്ക് സമിതി നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

pk-basheer-sabarimala

പികെ ബഷീര്‍ എംഎല്‍എ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍

കൂടാതെ തീര്‍ത്ഥാടകര്‍ ക്യൂ നില്‍ക്കുന്ന സ്ഥലങ്ങളില്‍ അരവണ ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ക്കായുള്ള ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം പരിഗണിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള കിയോസ്‌കുകളുടെ എണ്ണം വര്‍ധിപ്പിക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

പമ്പയിലെ ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പു വരുത്തണമെന്നും പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയണമെന്നും ആവശ്യപ്പെട്ട സമിതി പ്രദേശത്തെ ഒരു ഹോട്ടലില്‍ പരിശോധന നടത്തുകയും അന്ന് ചെയ്തു. ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷം നേരിട്ട് കണ്ട സമിതി ഹോട്ടലിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വനം-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

pk-basheer-sabarimala2

പികെ ബഷീര്‍ എംഎല്‍എ പോസ്റ്റ് ചെയ്ത ചിത്രം

തീര്‍ത്തും പുതുമയാര്‍ന്ന അനുഭവമായിരുന്നു സന്ദര്‍ശനമെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ അവസാനം പികെ ബഷീര്‍ എംഎല്‍എ കുറിച്ചത്. ലക്ഷക്കണക്കിന് വിശ്വാസികള്‍ വന്നു ചേരുന്ന ഒരിടത്ത് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അവസരം കിട്ടുക എന്നത് തികച്ചും സന്തോഷം നല്‍കിയ കാര്യമായിരുന്നു എന്ന് പറഞ്ഞ എംഎല്‍എ, ഭക്തജനങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങളുടെ ഫലം കിട്ടുന്നുണ്ടോയെന്നറിയാന്‍ ഒരിക്കല്‍ കൂടി ശബരിമല സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മുസ്‌ലിം ലീഗ് അംഗങ്ങളെയും അനുഭാവികളെയും കൂടാതെ വേറേയും നിരവധി പേര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കുകളും കമന്റുകളുമായി രംഗത്തുണ്ട്. 700-ലേറെ പേരാണ് പികെ ബഷീര്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുള്ളത്.

പികെ ബഷീറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

screenshot
DONT MISS
Top