അയ്യപ്പന്റേയും വാവരുടേയും സൗഹൃദം നൂറ്റാണ്ടുകളായി സുദൃഢമായി നില്‍ക്കുന്നു; ആ നല്ല കാലത്തെ വീണ്ടും പുനര്‍ജനിപ്പിക്കാമെന്ന് മന്ത്രി കെടി ജലീല്‍

jaleeel
തിരുവന്തപുരം: അയ്യപ്പന്റേയും വാവരുടേയും സൗഹൃദം നൂറ്റാണ്ടുകളായി സുദൃഢമായി നിലനില്‍ക്കുന്നു. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാമെന്ന് മന്ത്രി കെടി ജലീല്‍. ചരിത്രമായ തന്റെ ശബരിമല സന്ദര്‍ശത്തിന് ശേഷം പ്രതികരിക്കുകയായിരിന്നു മന്ത്രി. ശബരിമല മണ്ഡല മകരവിളക്ക് സൗകര്യങ്ങളുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കെടി ജലീല്‍ ഇന്നലെ സന്നിധാനത്തെത്തിയത്.

ശബരിമല സന്ദര്‍ശനത്തിന്റെ വിശേഷങ്ങളും മന്ത്രി ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവില്‍ ചുറ്റി കണ്ടു. അയ്യപ്പസന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ല. അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വെച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍.

kt-jaleel

അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഢമായി നിലനില്‍ക്കുന്നു. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാമെന്നും മന്ത്രി ആഹ്വാനം ചെയ്യുന്നു. അയ്യപ്പന്റെ ശ്രീകോവിലിന് തൊട്ടു മുന്നിലായാണ് വാവരേയും അടക്കം ചെയ്തിട്ടുള്ളത്. ഹിന്ദു മതവിശ്വാസികള്‍ക്ക് ഇവിടെ ഏതറ്റം വരെ പോകാവോ അവിടം വരെ ഏതൊരു വിശ്വാസിക്കും കടന്ന് ചെല്ലാനാകും.

അയ്യപ്പന്റേയും വാവരുടേയും കഥകള്‍ തന്നില്‍ ഉണര്‍ത്തുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളുടേയും അദ്ദേഹത്തിന്റെ കാര്യസ്ഥനായിരുന്ന കോന്തു നായരുടേയും ചരിത്രമാണ്. മതജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരിടമാണിതെന്നും അദ്ദേഹം ഇന്നലെ സന്ദര്‍ശന വേളയില്‍ അഭിപ്രായപ്പെട്ടിരുന്നു.

DONT MISS
Top