ചരിത്രം കുറിച്ച് കെടി ജലീല്‍: ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ മുസ്ലിം മന്ത്രി

jaleeel

ശബരിമല: ചരിത്രം കുറിച്ച് തദ്ദേശസ്വയംഭരണ- ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി കെടി ജലീല്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ഇതാദ്യമായാണ് ഒരു മുസ്‌ലിം മന്ത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തുന്നത്. മതമൈത്രിയുടെയും മതസൗഹാര്‍ദത്തിന്റെയും ശ്രീകോവിലാണ് അയ്യപ്പ സന്നിധാനമെന്ന് കെടി ജലീല്‍ പ്രതികരിച്ചു.

അയ്യപ്പന്റെ ശ്രീകോവിലിന് തൊട്ടു മുന്നിലായാണ് വാവരേയും അടക്കം ചെയ്തിട്ടുള്ളത്. ഹിന്ദു മതവിശ്വാസികള്‍ക്ക് ഇവിടെ ഏതറ്റം വരെ പോകാവോ അവിടം വരെ ഏതൊരു വിശ്വാസിക്കും കടന്ന് ചെല്ലാനാകും. അയ്യപ്പന്റേയും വാവരുടേയും കഥകള്‍ തന്നില്‍ ഉണര്‍ത്തുന്നത് മമ്പുറം സയ്യിദ് അലവി തങ്ങളുടേയും അദ്ദേഹത്തിന്റെ കാര്യസ്ഥനായിരുന്ന കോന്തു നായരുടേയും ചരിത്രമാണ്.

kt-jaleel

മത-ജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരിടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല മണ്ഡല മകരവിളക്ക് സൗകര്യങ്ങളുടെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി കെടി ജലീല്‍ സന്നിധാനത്തെത്തിയത്.

എല്ലാ മതത്തിലുള്ള വര്‍ഗീയ വാദികളും ശബരിമല സന്ദര്‍ശിക്കണം. ഇന്നലെകളില്‍ നിലനിന്ന മതമൈത്രിയുടെ ഉദാത്തമായ സന്ദേശം മനസില്‍ പേറിയേ ഒരാള്‍ക്ക് മലയിറങ്ങാനാവുമെന്നും ഹജ്ജ്, വഖഫ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കൂടിയായ കെടി ജലീല്‍ വ്യക്തമാക്കി. ഫെയ്സ്ബുക്ക് പേജിലൂടേയും മലകയറിയ അനുഭവം മന്ത്രി വിവരിച്ചു.

‘മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവില്‍ ചുറ്റി കണ്ടു. അയ്യപ്പസന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ല…! അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വെച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍… അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനില്‍ക്കുന്നു….. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാം…’

DONT MISS
Top