സൂപ്പര്‍മാന്‍ ശ്രീജേഷ്; ദക്ഷിണ കൊറിയയെ കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍

india

ക്വന്ദാന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഷൂട്ടൗട്ടില്‍ ദക്ഷിണ കൊറിയന്‍ താരം ദീയോള്‍ ലീ തൊടുത്ത അവസാന ഷോട്ട് ശ്രീജേഷില്‍ തട്ടി തകര്‍ന്നതോടെ, ഇന്ത്യന്‍ ക്യാമ്പില്‍ വിജയാഘോഷങ്ങള്‍ ആരംഭിക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യന്‍ നിരയെ നയിച്ച ഗോള്‍ക്കീപ്പര്‍ ശ്രീജേഷ് തന്നെയാണ് ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. (സ്‌കോര്‍: 5-4)

ഉദ്വേഗഭരിതമായ ഷൂട്ടൗട്ടാണ് ഇന്ത്യ- ദക്ഷിണ കൊറിയ മത്സരത്തില്‍ കാണികള്‍ക്ക് വിരുന്നൊരുക്കിയത്. ഫൈനല്‍ ബര്‍ത്തിലേക്ക് ചുവട് വെച്ച് കൊണ്ട് സര്‍ദാര്‍ സിങ്ങ് തൊടുത്ത ആദ്യ സ്‌ട്രൈക്ക് ലക്ഷ്യം കണ്ടതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമെത്തി. പിന്നാലെ രൂപീന്ദര്‍ സിങ്ങും ഷൂട്ടൗട്ട് സ്‌കോറിനെ ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ത്തിയപ്പോള്‍ സകോര്‍ 3-2. പിന്നാലെ ആകാശ്ദീപിന്റെ ഷോട്ടും ലക്ഷ്യം കണ്ടതോടെ ഇന്ത്യന്‍ സ്‌കോര്‍ 4-3 എന്ന നിലയിലെത്തി. ഷൂട്ടൗട്ടില്‍ ആഞ്ഞ് ശ്രമിച്ചെങ്കിലും അഞ്ചിനെതിരെ നാല് ഗോളുകള്‍ക്ക് കൊറിയന്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു.

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ബര്‍ത്തെന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ സംഘം പ്രതിരോധത്തിലൂന്നിയാണ് ആരംഭിച്ചത്. എന്നാല്‍ ഇടവേളകളില്‍ അപ്രതീക്ഷിത നീക്കങ്ങളിലൂടെ രൂപീന്ദര്‍പാല്‍ സിങ്ങ് കൊറിയന്‍ ഗോള്‍മുഖത്ത് ആക്രമണം അഴിച്ച് വിട്ടത് ആരംഭത്തിലെ കൊറിയന്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തി. മത്സരത്തിന്റെ 15 ആം മിനിറ്റില്‍ തല്‍വീന്ദര്‍ സിങ്ങ് തൊടുത്ത റിവേഴസ് ഹിറ്റിലൂടെ പന്ത് കൊറിയന്‍ ഗോള്‍ വല കുലുക്കിയപ്പോള്‍, എതിരാളികള്‍ കാണികള്‍ക്ക് സമമായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച കൊറിയന്‍ നിര, പന്തിനെ ഇന്ത്യന്‍ ഗോള്‍മുഖത്ത് എത്തിക്കാന്‍ തുടരെ ശ്രമിക്കുകയായിരുന്നു. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന നിമിഷങ്ങളില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ അവസരം കൊറിയയെ തേടിയെത്തിയെങ്കിലും ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തെ തകര്‍ക്കാന്‍ സാധിച്ചില്ല.

രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കം മുതല്‍ക്കെ ആക്രമണം അഴിച്ച് വിട്ട കൊറിയന്‍ താരങ്ങള്‍, 21 ാം മിനിറ്റില്‍ ഇന്ത്യയ്‌ക്കെതിരെ സമനില ഗോള്‍ നേടി. രൂപീന്ദര്‍പാല്‍ സിങ്ങിന്റെ പിഴവില്‍ നിന്നും ലഭിച്ച പന്തിനെ സിയോ ഇന്‍വൂ മനോഹരമായി ഗോളാക്കി മാറ്റി. പിന്നാലെ, 24 ആം മിനിറ്റില്‍ വീണ്ടും കൊറിയന്‍ മുന്നേറ്റം ഗോളില്‍ കലാശിക്കുമെന്ന് തോന്നിച്ചെങ്കിലും രൂപീന്ദര്‍പാല്‍ സിങ്ങ് നടത്തിയ സമയോചിത ഇടപെടല്‍ ഇന്ത്യയെ തുണച്ചു.

30 ആം മിനിറ്റില്‍ കൊറിയന്‍ താരങ്ങള്‍ മികച്ച മുന്നേറ്റത്തിലൂടെ ഇന്ത്യന്‍ ഗോള്‍ മുഖത്ത് കുതിച്ചെത്തിയെങ്കിലും ശ്രീജേഷ് നടത്തിയ പ്രതിരോധം ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷ നിലനിര്‍ത്തി.

മൂന്നാം ക്വാര്‍ട്ടര്‍ ആരംഭിച്ചതിന് പിന്നാലെ കൊറിയന്‍ താരം കിം ഹ്യോങ്ങിന് ഗ്രീന്‍ കാര്‍ഡ് ലഭിച്ചതോടെ കൊറിയന്‍ നിര പത്തായി ചുരുങ്ങി. നാലാം ക്വാര്‍ട്ടറില്‍ മഴ തകര്‍ത്ത് പെയ്തതോടെ മത്സര വീര്യം വര്‍ധിക്കുകയായിരുന്നു.

തുടര്‍ച്ചയായി ശ്രീജേഷ് നടത്തിയ മികച്ച ഡൈവുകള്‍ കൊറിയന്‍ ഗോള്‍ സ്വപ്‌നങ്ങളെ നിഷ്ഫലമാക്കി. എ്‌നാല്‍ യാങ്ങ് ജിഹൂന്‍ തൊടുത്ത പെനാല്‍റ്റി സ്‌ട്രോക്കിലൂടെ കൊറിയ ഗോള്‍ നേടിയത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തി. എന്നാല്‍ തൊട്ട് പിന്നാലെ, രമന്‍ദീപ് സിങ്ങിലൂടെ ഇന്ത്യ തിരിച്ചടിച്ചു. കൊറിയന്‍ പ്രതിരോധത്തെ കബളിപ്പിച്ച സര്‍ദാര്‍ സിങ്ങ് നടത്തിയ നീക്കവും തുടര്‍ന്ന് രമന്‍ദീപ് സിങ്ങിലേക്ക് നല്‍കിയ പാസും ഗോളില്‍ നിര്‍ണായകമായി.

മത്സരം 2-2 എന്ന സ്‌കോറിന് സമനിലയിലെത്തിയതോടെ ഇരു ടീമുകളും ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു.

DONT MISS
Top