ഐഎസിനെ അങ്ങനെ തോല്‍പ്പിക്കാന്‍ ഒരു വന്‍ശക്തിക്കും ആകില്ല; എല്‍ടിടിഇയെ വീഴ്ത്തിയത് പോലെ ഐഎസിനെ തകര്‍ക്കാമെന്ന് പട്ടാളങ്ങള്‍ കരുതരുത്

islamic-state

ലോകത്തിന് ആകെ അപകടമായ ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കാന്‍ ഇറാഖി സഖ്യസേനയുടെ തോക്കുകള്‍ക്കും റഷ്യയുടെ ബോംബര്‍ ജെറ്റുകള്‍ക്കും കഴിയുമോ? ഭീകരരാഷ്ട്രത്തിന്റെ പതനം അടുത്തുവെന്ന് ആശ്വസിക്കുന്നവര്‍ യഥാര്‍ത്ഥ അപകടത്തിന്റെ ആഴം കാണാത്തവരാണ് എന്ന് പറയേണ്ടിവരും. ഇറാഖിലെയും സിറിയയിലെയും ഐഎസ് ആധിപത്യ മേഖലകളില്‍ സൈനികമായ ആക്രമണം നടത്തി ഇല്ലാതാക്കന്‍ കഴിയുന്നതിന് അപ്പുറത്തേക്ക് ഭീകരതയുടെ വളര്‍ച്ച സംഭവിച്ചുകഴിഞ്ഞുവെന്നതാണ് സത്യം.

അബൂബക്കര്‍ അല്‍ ബാഗ്ദാദിയെയും ചുറ്റുമുള്ള ആള്‍ക്കൂട്ടത്തെയും അവസാനിപ്പിക്കുന്നതിലൂടെ എല്ലാം തീര്‍ന്നുവെന്ന് ആശ്വസിക്കാന്‍ ഇനി കഴിയില്ല എന്നത് ഭീതിദമായ പരമാര്‍ത്ഥം. ഫ്രാന്‍സിലും ഇംഗ്ലണ്ടിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇന്ത്യയിലും അടക്കം ഐഎസ് ആശയത്തിന്റെ പതാകവാഹകരെ കണ്ടെത്തിക്കഴിഞ്ഞ വര്‍ത്തമാനകാലം, ഭീതിതമായ ഭാവിയുടെ കറുത്തവഴി തന്നെയാണ് ചൂണ്ടിത്തരുന്നത്.

Image result for islamic state russia bomb

ബാഗ്ദാദി ഉയര്‍ത്തിയ കരിംപതാകയുടെ ചുവട്ടില്‍ കൊലക്കത്തിയുമായി അണിനിരക്കാന്‍ രാജ്യഭേദം ഇല്ലാതെ മതബോധം തലക്ക് പിടിച്ച യുവാക്കള്‍ കനകമലകളില്‍ കൂട്ടംചേരുകയാണ്. ഇസ്്‌ലാമിക് സ്റ്റേറ്റ്, മുസ്്‌ലിം ലോകത്തിന് എതിരായ പാശ്ചാത്യ രാജ്യങ്ങളുടെ സൃഷ്ടിയാണെന്ന് ആക്ഷേപിക്കുന്നവര്‍ ഇപ്പോഴും ഏറെയുണ്ടെങ്കിലും, ഐഎസിനെ ഇസ്്‌ലാമിക രാഷ്ട്രരൂപീകരണ സംഘമായി കണ്ട് ഏറ്റെടുത്ത മുസ്്‌ലിം പൗരന്‍മാരുടെ എണ്ണവും ഏറിവരികയാണ്.

ഇറാഖിലെയും സിറിയയിലെയും പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഐഎസ് ഭീകരതയെ തുരത്താന്‍ സഖ്യസേനക്ക് കഴിഞ്ഞുവെന്നത് ആശ്വാസദായകം. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കാലത്തിനിടക്ക് ശ്രീലങ്കയോളം വലുപ്പത്തിലുള്ള പ്രദേശം ഭീകരര്‍ക്ക് നഷ്ടമായിട്ടുണ്ട്. അന്തിമവിജയത്തിലേക്ക് സഖ്യസേന അടുക്കുകയാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ എഴുതുകയും ചെയ്യുന്നു. എന്നാല്‍ ജാഫ്‌നയും മുല്ലൈത്തീവും പുതുകുടിയിരിപ്പും പിടിച്ച്, ശ്രീലങ്കന്‍ സര്‍ക്കാര്‍ എല്‍ടിടിഇയുടെ നാശം പ്രഖ്യാപിച്ചത് പോലെ ഐഎസിന്റെ നാശം പ്രഖ്യാപിച്ചാല്‍ അത് അര്‍ത്ഥവത്താകാന്‍ പോകുന്നില്ല. ശക്തികേന്ദ്രങ്ങളില്‍ പതറിവീഴുമ്പോഴും ലോകത്തിന്റെ വിവിധ കോണുകളില്‍ കറുത്ത പതാകയേന്തിയ സംഘങ്ങള്‍ ചെറു ചെറു ആക്രമണങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു.

Image result for islamic state

സൈനികമായി ഛിന്നഭിന്നമായി പോയാലും ആധുനിക ആശയപ്രചാരണ രീതികളിലൂടെ ഇസ്്‌ലാമിക രാഷ്ട്രമോഹികളുടെ സംഘാടനം സാധ്യമാക്കാന്‍ കഴിയുന്ന സംഘടനയാണ് ഐഎസ് എന്നതും കാണാതിരുന്ന് കൂടാ. ഖിലാഫത്ത് എന്ന രക്തരൂക്ഷിത സ്വപ്നത്തെ തല്‍കാലം പ്രയോഗവഴിയില്‍ നിന്ന് മാററി നിര്‍ത്തിയാലും ആശയപ്രചാരണത്തിന്റെ പുതുവഴികളിലൂടെ ഉയിര്‍ത്തെണീക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കുമെന്ന സാധ്യതയെയും ലോകം ഭയക്കണം.

ഐഎസിന്റെ ജന്മഭൂമിയായ ഇറാഖില്‍ നിന്ന് അവരെ തുരത്താനാണ് സഖ്യസേന ഇപ്പോള്‍ വിയര്‍പ്പൊഴുക്കുന്നത്. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പങ്കാളിത്തമുള്ള സഖ്യസേനക്ക് തന്നെ വിജയം പ്രവചിക്കാം. പക്ഷെ അതിന് ശേഷം എന്തെന്നതും ഏറെ പ്രസക്തമാകുന്ന ചോദ്യമാണ്. ഭീകരതക്കും വിഘടനവാദ ശക്തികള്‍ക്കും ഉയിരെടുക്കാന്‍ കഴിയുന്ന ആഭ്യന്തരാന്തരീക്ഷത്തില്‍ നിന്ന് ഇറാഖിനെയും സിറിയയെയും എങ്ങനെ മോചിപ്പിക്കാം എന്നതാണ് ഉത്തരം അവ്യക്തമായ ചോദ്യം. സദ്ദാം ഹുസൈന്റെ വീഴ്ചക്ക് ശേഷം അനിശ്ചിതത്വത്തിന്റെ പടുകുഴിയില്‍ ആണ്ടുപോയ ഇറാഖില്‍, വിവിധ സംഘങ്ങള്‍ നടത്തിയ അധികാരപോരിന്റെ ഫലമാണ്, ഐഎസിന്റെ ഉദയം അടക്കമുള്ള ദുരന്തങ്ങള്‍. യുദ്ധശേഷം ഇപ്പോഴും ചോര വാര്‍ന്നൊലിക്കുന്ന ആ ജനതയെ ആര് നയിക്കും എന്നതിന് ഉത്തരം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭീകരതക്ക് എതിരായ യുദ്ധം എവിടെയും എത്തിയില്ല എന്ന് ചരിത്രം ആവര്‍ത്തിച്ച് എഴുതും.

DONT MISS
Top