സര്‍ക്കുലര്‍ നടപ്പിലായാല്‍ വെടിക്കെട്ടിന്റെ ജീവന്‍ പോകും; അമിട്ടും കുഴിമിന്നലുമില്ലാത്ത പൂരം പുക മാത്രമാകും

fire-crackers

ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വെടിക്കെട്ടുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി എക്‌സ്‌പ്ലോസിവ് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പരമ്പരാഗത പൂര സങ്കല്‍പ്പങ്ങളുടെ ജീവനെടുക്കും. കുഴിമിന്നലും നിലയമിട്ടും മാനത്ത് പൊട്ടി വിടരുന്നത് കാണാന്‍ പാതിരാവില്‍ കൂവിയാര്‍ക്കുന്ന പുരുഷാരം ഇനി ഓര്‍മ്മ മാത്രമാകും. അപകടം വിളിച്ചുവരുത്തുന്ന ഒരു പടക്കവും ഇനി പൊട്ടിക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

അമിട്ട്, കുഴിമിന്നല്‍, ഗുണ്ട് എന്നിവയുടെ ഉപയോഗം ഒരുനിലക്കും അനുവദിക്കില്ല എന്ന് എക്‌സ്പ്‌ളോസിവ് വിഭാഗം പൂരം സംഘാടകര്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. വെടിക്കെട്ട് കാണാന്‍ നിയന്ത്രണം ഇല്ലാതെ ആളുകള്‍ കൂടുന്നതും നിര്‍ബന്ധമായും തടയണമെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. കരക്കാര്‍ തമ്മില്‍ മത്സരിച്ച് പടക്കം പൊട്ടിക്കുന്ന ഏര്‍പ്പാടും ഇനി നാട്ടില്‍ നടക്കില്ല. സര്‍ക്കാര്‍ ലൈസന്‍സുള്ള അംഗീകൃത നിര്‍മ്മാതാക്കളില്‍ നിന്നല്ലാതെ കരിമരുന്ന് വാങ്ങാന്‍ ശ്രമിച്ചാല്‍ നടപടി നേരിടേണ്ടി വരും.

വെടിക്കെട്ടിന് പൊലിമ കൂട്ടാന്‍ ഉപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറൈഡ്, അര്‍സനിക് ട്രൈ സള്‍ഫൈഡ്, ലെഡ് ഓക്‌സൈഡ് എന്നിവ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിന് പുറമെ മനുഷ്യന്റെ തലച്ചോറിനെ അടക്കം ബാധിക്കുമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. അപകടം വിളിച്ചുവരുത്തുന്ന വെടിക്കെട്ട് ശീലങ്ങളില്‍ നിന്ന് മാറിനടക്കാന്‍ നേരമായെന്ന് ചൂണ്ടിക്കാട്ടിയെന്ന് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സിക്യുട്ടിവിന്റെ സര്‍ക്കുലര്‍ അവസാനിക്കുന്നത്.

DONT MISS
Top