കശ്മീരില്‍ ഭീകരാക്രമണം; പൊലീസ് സ്റ്റേഷന് നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഗ്രനേഡ് ആക്രമണം. ജമ്മു-കശ്മീരിലെ ഹന്ദ്വാര മേഖലയിലെ പൊലീസ് സ്റ്റേഷന് നേരെ, ഭീകരര്‍ ഗ്രനേഡുകള്‍ പ്രയോഗിച്ചു. എന്നാല്‍ ഗ്രനേഡ് ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഗ്രനേഡ് ആക്രമണത്തെ തുടര്‍ന്ന് മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഊര്‍ജ്ജിതപ്പെടുത്തി.

ഇന്ന് വൈകുന്നേരം ഉത്തര കശ്മീരിലെ കുപ്വാര ജില്ലയിലെ ടാങ്ദാര്‍ സെക്ടറില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം പ്രതിരോധിച്ചിരുന്നു. നുഴഞ്ഞ് കയറാന്‍ ശ്രമിച്ച ഭികരരുമായുള്ള ഏറ്റ് മുട്ടലില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും ഒരു സൈനികന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

നേരത്തെ, അര്‍നിയ, ആര്‍എസ് പുര സെക്ടറില്‍ ബിഎസ്എഫ് നടത്തിയ വെടിവെയ്പില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെടുകയും ഒരു പാക് റേഞ്ചര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യാന്തര അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പിന് ബിഎസ്എഫ് തിരിച്ചടിക്കുകയായിരുന്നു.

ചെറിയ തോക്കുകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ ക്യാമ്പുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തത്. ബുധനാഴ്ചയും ഇതേ മേഖലയില്‍ വെടിവെപ്പ് ഉണ്ടായിരുന്നു. പത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതിര്‍ത്തിയില്‍ പാകിസ്താന്‍ ഇപ്പോള്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ സൈന്യം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കഴിഞ്ഞ ദിവസം പാകിസ്താന് താക്കീത് നല്‍കിയിരുന്നു.

DONT MISS
Top