ഭൂമി പരന്നതാണ്, സൂര്യനും ചന്ദ്രനും യഥാര്‍ത്ഥമല്ല; ആരെയും ചിരിപ്പിക്കുന്ന ‘കണ്ടെത്തലു’മായി മലയാളി ‘ശാസ്ത്രകാരന്‍’

flat-earth2

“ഇതാണ് പരന്ന ഭൂമി”

കൊച്ചി: ഭൂമി ഉരുണ്ടതല്ല, പരന്നതാണെന്നും ഗൂഡാലോചനകളുടെ ഭാഗമായാണ് ഭൂമി ഉരുണ്ടതാണെന്ന കള്ളം പ്രചരിപ്പിക്കുന്നതുമെന്നും പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഇന്ദ്രന്‍ എന്ന വിന്‍സെന്റ് വെളൂക്കാരന്‍ ആന്റണിയാണ് ‘തെളിവുകള്‍’ സഹിതം ഭൂമി പരന്നതാണെന്ന് വാദിക്കുന്നത്.  ഏതൊരാളെയും ചിരിപ്പിക്കുന്ന കാര്യങ്ങളാണ് ഇദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്നത്.

‘വഞ്ചനയുടെ ആഴം!’ എന്ന തലക്കെട്ടിലുള്ള ഫെയ്‌സ്ബുക്ക് നോട്ടാണ് ഇദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘നിരപ്പായ ഒരു പാടശേഖരത്തിന്റെ ഇപ്പുറത്തു നില്‍ക്കുമ്പോള്‍, വെറും പത്തു മൈല്‍ അപ്പുറെയുള്ള ഒരു അഞ്ചു നില കെട്ടിടത്തിന്റെ മുകള്‍ ഭാഗമെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ജോഗ്രഫി അദ്ധ്യാപകനെ തെറി വിളിക്കാനുള്ള അവകാശമുണ്ട്’ എന്ന് പറഞ്ഞു കൊണ്ടാണ് ഇദ്ദേഹത്തിന്റെ നോട്ട് ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് രസകരമായ കാര്യങ്ങളാണ് ഇദ്ദേഹം ശാസ്ത്രീയമായി വിശദീകരിക്കുന്നത്. നിരവധി ചിത്രങ്ങളും വീഡിയോകളും ഇദ്ദേഹം തെളിവുകള്‍ നിരത്താനായി ഉപയോഗിച്ചിട്ടുണ്ട്.

flat-earth1

“സത്യവും മിഥ്യയും”

ശാസ്ത്രത്തെ ‘സ്യൂഡോ ശാസ്ത്രം’ (Pseudo Science) എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ നോട്ടില്‍ ഒരു ടെലസ്‌കോപ്പിന്റെ സഹായമുണ്ടെങ്കില്‍ അമ്പത് കിലോമീറ്റര്‍ ദൂരെയുള്ള കപ്പലിന്റെ കൊടിമരവും, അതിന്റെ അടിഭാഗവും പോലും, ഒരുപോലെ വ്യക്തമായി നമുക്ക് കാണാമെന്നാണ് പറയുന്നത്. ഭൂമി പരന്നതിനാല്‍ മാത്രമാണ് ഇവയൊക്കെ കാണുന്നതത്രെ. എന്നാല്‍ ‘വിഡ്ഢികളായ’ അധ്യാപകര്‍ നമ്മെ പഠിപ്പിച്ചത് ഭൂമി ഗോളമാണെന്നും ഇദ്ദേഹം ആരോപിക്കുന്നു. ഇന്നു വരെ അത് ചോദ്യം ചെയ്യാത്ത ‘നമ്മളെ’യും കുറ്റപ്പെടുത്തുന്നുണ്ട് ഇന്ദ്രന്‍.

തുടര്‍ന്ന് രാവും പകലും മാറി മാറി ഉണ്ടാവുന്നതടക്കമുള്ള, ഭൂമി ഉരുണ്ടതായതിനാല്‍ മാത്രം സംഭവിക്കുന്നു എന്ന് ‘നമ്മള്‍ വിശ്വസിക്കുന്ന’ കാര്യങ്ങള്‍ക്ക് ശാസ്ത്രീയമായി വിശദീകരണം നല്‍കുന്നുമുണ്ട് ഇദ്ദേഹം. നോട്ടിലെ ഒരു ഭാഗത്ത് അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുള്‍ കലാമിനെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട് ഇദ്ദേഹം. ‘കടലുകളുടെ എന്നതുപോലെ, ആകാശത്തിന്റെയും, നീലനിറത്തിന്റെ ഏകകാരണം, ആ ജലമാണെന്ന്, കലാമിനുപോലും പോലും അറിയില്ലെങ്കില്‍, പിന്നെ അയാള്‍ക്കെന്താണ് യോഗ്യത?’ എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. ‘ഒരു ചാത്രല്‍ണന്‍!’ എന്നാണ് കലാമിനെ ഇന്ദ്രന്‍ വിശേഷിപ്പിക്കുന്നത്.
പരന്നഭൂമിയുടെ ഒരു ഭാഗത്ത് പകലും, മറുഭാഗത്ത് രാത്രിയും എങ്ങനെ ഉണ്ടാകുന്നു?, സൂര്യചന്ദ്രന്മാര്‍ ഗോളങ്ങളല്ല; അവ വെറും വെളിച്ചങ്ങള്‍ മാത്രം!, ഋതുക്കള്‍ എങ്ങനെയുണ്ടാവുന്നു?, അബ്ദുള്‍ കലാമിനെ ഞാന്‍ തെല്ലും ആദരിക്കുന്നില്ല, എന്താണ് അന്റാര്‍ട്ടിക്ക?, ഭൂമിയുടെ വക്കില്‍ നിന്നും കപ്പലുകള്‍ താഴേക്കു വീഴുമോ?, വലിയേറ്റം, വേലിയിറക്കം, ഭൂമിയെ പറ്റി കൂടുതല്‍, ഉരുണ്ട മണ്ടയിലെ ഭൂമി, ഒരിക്കലും ഉദിക്കാത്ത നക്ഷത്രങ്ങള്‍!, ജലോപരിതലം, അനേകം പരീക്ഷണങ്ങള്‍, ഭൂമിയുടെ ഗുരുത്വാകര്‍ഷണം, ഫോസ്സില്‍ ഓയില്‍ തുടങ്ങി 20-ഓളം ഉപശീര്‍ഷകങ്ങളിലായാണ് ഇദ്ദേഹം തന്റെ വാദങ്ങള്‍ നിരത്തുന്നത്.

ഇന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് നോട്ടില്‍ പറയുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:

 • താഴെ, നാം ചവുട്ടി നടക്കുന്ന ഈ നിരപ്പിലെ, ഭൂമദ്ധ്യത്തില്‍ നിന്നും, പ്രസരിക്കുന്ന കിരണം, മുകളില്‍ ചെന്ന്, ഭൂമിയുടെ മൂടിയില്‍ തട്ടിക്കൊണ്ട്, തുടര്‍ച്ചയായി താഴേക്കു പ്രതിഫലിക്കുമ്പോള്‍, നാം അനുഭവിക്കുന്ന രണ്ടു കൊച്ചു വെളിച്ചങ്ങള്‍ മാത്രമാണ് സൂര്യനും, ചന്ദ്രനും.
 • ഭൂമദ്ധ്യത്തിലെ ആ പ്രകാശ സ്രോതസ്സിന്റെ വര്‍ത്തുള ചലനത്തിനനുസരിച്ച് , സൂര്യചന്ദ്ര പ്രതിഫലനങ്ങളും, (സാങ്കല്‍പ്പിക സൂര്യചന്ദ്രന്മാര്‍,) കറങ്ങുന്നതായി നമുക്ക് തോന്നുന്നു. നമ്മുടെ ഭൂമിയാകട്ടെ, യാതൊന്നിനെയും പ്രദിക്ഷണം വെക്കുന്നില്ല. ഭൂമി ചലിക്കുന്നതേയില്ല. കറങ്ങുന്നത് മന്ദബുദ്ധികളുടെ മണ്ട മാത്രം.

 • സൂര്യപ്രകാശം ഉഷ്ണകാരിയാണ്. ചാന്ദ്രവെളിച്ചം ശീതളമാണ്. അത് എളുപ്പം മനസ്സിലാക്കണമെങ്കില്‍, നിലാവ് വീഴുന്ന ഒരിടത്ത് ഒരു തെര്‍മ്മോമീറ്റര്‍ വെച്ച് താപം അളക്കുക. നിലാവിനു നല്ലൊരു മറയുണ്ടാക്കിക്കൊണ്ട്, അവിടെയും മറ്റൊരു തെര്‍മ്മോമീറ്റര്‍ അപ്പോള്‍ത്തന്നെ സ്ഥാപിക്കുക. കാറ്റില്ലെങ്കില്‍, ഉദ്ദേശം അഞ്ചു ഡിഗ്രിയുടെ കുറവ് നിലാവിലെ താപനിലയില്‍ കാണാം. സൂര്യപ്രകാശത്തിലോ? കാര്യം നേരെ വിപരീതമായിരിക്കും. നിലാവിന് അല്പമെങ്കിലും ചൂടില്ലെങ്കില്‍, അതെങ്ങനെ സൂര്യവെളിച്ചത്തിന്റെ പ്രതിഫലനമാണെന്ന് പറയുന്നു?
 • സാങ്കല്‍പ്പിക സൂര്യന്റെ പ്രദിക്ഷണ വളയം സ്ഥിരമല്ല. ആ വളയം ദിനംപ്രതി വികസിക്കുകയും, ഭൂമദ്ധ്യത്തില്‍ നിന്നും, ഭൂമിയുടെ വക്കിലേക്ക് പോവുകയും ചെയ്യുന്നു. വളയം അപ്പോള്‍ വലുതായിരിക്കും. വീണ്ടും അത് ചുരുങ്ങുകയും, ഭൂമദ്ധ്യത്തോടു അടുക്കുകയും ചെയ്യും. ഇതിനനുസരിച്ചാണ് ഭൂമിയില്‍ ഋതുക്കള്‍ മാറിമാറി ഉണ്ടാവുന്നത്.

 • ഭൂമിയെ മൂടിക്കൊണ്ട്, ഏതാണ്ടൊരു ചിരട്ടയുടെ ആകൃതിയില്‍, സ്ഫടികതുല്യമായ, ഒരു വജ്രനിര്‍മ്മിത സുതാര്യ മൂടിയുണ്ടെന്നും, അതിനു മുകളില്‍ ജലമാണെന്നും, ആധുനിക യുഗത്തിലെ ഒരു ശാസ്ത്രജ്ഞനും നമുക്ക് പറഞ്ഞുതന്നില്ല. കടലുകളുടെ എന്നതുപോലെ, ആകാശത്തിന്റെയും, നീലനിറത്തിന്റെ ഏകകാരണം, ആ ജലമാണെന്ന്, കലാമിനുപോലും പോലും അറിയില്ലെങ്കില്‍, പിന്നെ അയാള്‍ക്കെന്താണ് യോഗ്യത? കടലുകളുടെ എന്നതുപോലെ, ആകാശത്തിന്റെയും, നീലനിറത്തിന്റെ ഏകകാരണം, ആ ജലമാണെന്ന്, കലാമിനുപോലും പോലും അറിയില്ലെങ്കില്‍, പിന്നെ അയാള്‍ക്കെന്താണ് യോഗ്യത? മൂടിയുടെ ആകൃതിയെ അടിസ്ഥാനമാക്കിയ, മഴവില്ലിന്റെ വളവിന്റെ പൊരുളും അയാള്‍ക്കറിയില്ല. (ഒരു ചാത്രല്‍ണന്‍!)
 • ഈ മൂടിയെ ഭേദിച്ചുകൊണ്ട്, യാതൊരു വസ്തുവിനും, ഭൂമിയേ വിട്ടു പറക്കാന്‍ കഴിയില്ലാ എന്നുള്ളതാണ് ശാസ്ത്രീയ സത്യം. ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയത്രേ! സ്‌പേസ് സ്റ്റേഷനും, ഉപഗ്രഹങ്ങളും, ആരും കാണാത്ത ഒരിടത്ത് ഉണ്ടത്രേ!

 • അന്റാര്‍ട്ടിക്ക ഒരു ഭൂഖണ്ഡമാണ് എന്നാണു വേലാണ്ടി മാഷ് നിങ്ങളെ പഠിപ്പിക്കുന്നത്. അത് അവനൊരു മണ്ടനായതിനാലാണ്. മതില്‍ക്കെട്ടു പോലെ, ഭൂമിയുടെ ചുറ്റരികില്‍, (ഭൂമിയുടെ വക്കില്‍,) വൃത്താകൃതിയില്‍ സ്ഥിതിചെയ്യുന്ന മഞ്ഞുമലയാണ് അന്റാര്‍ട്ടിക്ക. ഭൂമിയുടെ ദക്ഷിണ കാന്ത സവിശേഷത നിലനില്‍ക്കുന്നതും, അവിടെത്തന്നെ. വായുമണ്ഡലം അതിനപ്പുറത്തേക്ക് ഇല്ലാ എന്നതിനാല്‍, അതിനപ്പുറം ഓസോണ്‍ പാളിയും ഉണ്ടാകില്ല.
 • ഭൂമിയുടെ ഉപരിതലം ഒരു പരന്ന വൃത്തമാണ്. ആയതിനാല്‍, ഒരിടത്തുനിന്നും ഒരാള്‍, വര്‍ത്തുളാകൃതിയില്‍ നേരെ മുമ്പിലോട്ടു സഞ്ചരിച്ചാല്‍, ഒരിക്കല്‍ ആ സഞ്ചാരി, അയാള്‍ പുറപ്പെട്ടിടത്തുതന്നെ വീണ്ടും വന്നെത്തും.
 • ഭൂമി ഗോളാകൃതിയില്‍ ആയിരിക്കുകയും, അതതിന്റെ അച്ചുതണ്ടില്‍ ഭ്രമണം കൊള്ളുകയും ചെയ്യുന്നുണ്ടെങ്കില്‍, നക്ഷത്രങ്ങള്‍ ഉദിക്കുന്നതും, അസ്തമിക്കുന്നതും, നാം നിത്യേന കാണേണ്ടിയിരിക്കുന്നു. എന്നാല്‍, അവയങ്ങനെ ഉദിക്കുകയോ, അസ്തമിക്കുകയോ, ചെയ്യുന്നതായി നാം കാണുന്നില്ല. അവ രാപകല്‍ ഭേദമന്യെ, നമ്മുടെ കൂടാരത്തിനു മുകളിലായി, ഒരു പങ്ക കണക്കെ ചുമ്മാ കറങ്ങുന്നതാണ് നാം കണ്ടിരിക്കുന്നത്. ഭൂമി ഉരുണ്ടതല്ല എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അനുമാനിക്കാന്‍ തക്കതാണ് ഈ കാഴ്ച.

 • ഭൂമിയുടെ ഗുരുത്വാകര്‍ഷണം അസംബന്ധ സങ്കല്‍പമാണ്. മിനുസമുള്ള മേശയില്‍ ഏതാനും ബെയറിങ്ങ് ബോളുകള്‍ വെക്കുക. ഇനി, അവയുടെ നടുവിലേക്ക് ഭാരമുള്ള ഒരു വലിയ വസ്തുവിനെ വെക്കുക. പിണ്ഡം വസ്തുവിനെ ആകര്‍ഷിക്കുമെങ്കില്‍, ബോളുകള്‍ , ഭാരമുള്ള ആ വസ്തുവിലേക്ക് നീങ്ങേണ്ടതായിരുന്നു. പക്ഷെ അവയങ്ങനെ നീങ്ങുന്നതായി നാം കാണുന്നില്ല.
 • എടുത്താലും, എടുത്താലും, പെട്ടെന്നൊന്നും തീരാത്ത അത്രയും, എണ്ണയുടെ ശേഖരം ഭൂമിയിലുണ്ട്. എന്നാല്‍; ‘ഇത് അവസാനത്തെ ബാരല്‍ എണ്ണയാണ്, വേഗം വാങ്ങിക്കൊള്‍ക’ എന്നുള്ള നിലയില്‍ എണ്ണയെ പറ്റി പറയുന്നവര്‍, ആ ബിസിനസ്സിലെ മുതല്‍മുടക്കുകാര്‍ മാത്രമാണ്. വില കൂട്ടാനുള്ള ഒരു കപടതന്ത്രം മാത്രം!
 • ഈ എണ്ണ കത്തിയതുകൊണ്ട്, ഭൂമിക്ക് യാതൊരു പ്രശ്‌നവും വരാന്‍ പോകുന്നില്ല. അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളില്‍ ഈ എണ്ണയുടെ ആളിക്കത്തല്‍, വലിയ രൂപത്തില്‍ സഹസ്രാബ്ദങ്ങളായി നടന്നുപോരുന്നുണ്ടല്ലോ? അതുകൊണ്ട് ഭൂമിക്കൊരു ദോഷവും വന്നുപെട്ടിട്ടില്ല.
 • ‘സ്യൂഡോ ശാസ്ത്ര’ത്തിന്റെ ഗൂഡാലോചനകള്‍ക്ക് പിറകില്‍ ‘ഇല്യൂമിനാറ്റി’യാണ്

ഇതുള്‍പ്പെടെ നിരവധി കണ്ടെത്തെലുകളാണ് ഫേസ്ബുക്കിലൂടെ വിന്‍സെന്റ് പങ്കുവയ്ക്കുന്നത്

ഇന്ദ്രന്‍ എന്ന വിന്‍സെന്റ് വെളൂക്കാരന്‍ ആന്റണിയുടെ ഫെയ്സ്ബുക്ക് നോട്ടിന്‍റെ സമ്പൂര്‍ണ്ണരൂപം:

flat-earth4
DONT MISS
Top