‘കാബില്‍’ ട്രെയിലര്‍ ലീക്കായതാണെന്ന് നിര്‍മ്മാതാവ് രാകേഷ് റോഷന്‍

kaabil

ചിത്രത്തില്‍ നിന്ന്

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ നായകനായെത്തുന്ന പുതിയ ചിത്രം കാബിലിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തു വന്നിരുന്നു. ഹൃത്വിക് തന്നെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബിലൂടെ ലീക്കായതാണെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്തു വന്നിരിക്കുന്നു. ഇന്നായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രിയോടെ ചിത്രത്തിന്റെ ട്രെയിലര്‍ പ്രൊഡക്ഷന്‍ ഹൗസായ ഫിലിം ക്രാഫ്റ്റില്‍ നിന്നു തന്നെയാണ് അപ്‌ലോഡ് ചെയ്യപ്പെട്ടത്. ഇതോടെ ആകെ പൊല്ലാപ്പിലായിരിക്കുകയാണ് ഇപ്പോള്‍ കാബിലും അണിയറപ്രവര്‍ത്തകരും.

ഈ വാര്‍ത്ത കേട്ട് താന്‍ ഞെട്ടിയെന്നും ആരോ സൈറ്റ് ഹാക്ക് ചെയ്തതാണെന്നും നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷന്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയില്‍ ഊ വാര്‍ത്ത തന്നെ ഏറെ വിഷമിപ്പിക്കുന്നുവെന്നും രാകേഷ് റോഷന്‍ പറഞ്ഞു. ഇതൊന്നുമറിയാതെയാണ് ഹൃത്വിക് ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ഇനി തങ്ങള്‍ ജാഗരൂകരായിരിക്കുമെന്നും റിലീസിന് മുമ്പ് ഇത്തരം ആക്രമണങ്ങളെ ചെറുക്കാനുള്ള തയ്യാറെടുപ്പുകള്‍ എടുക്കണമെന്ന് എല്ലാ വിഭാഗത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാകേഷ് റോഷന്‍ പറഞ്ഞു.

ട്രെയിലര്‍ റിലീസിന് മുന്‍പ് ഏതാനും ചിത്രങ്ങള്‍ മാത്രമാണ് കാബിലിന്റേതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നുള്ളൂ. അതീവരഹസ്യമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഹൃത്വിക് റോഷനും യാമി ഗൗതം പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. നായകനും നായികയും കാഴ്ചവൈകല്യമുള്ളവരായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്തിരിക്കുന്ന കാബില്‍ ജനുവരി 26-ന് തീയറ്ററുകളില്‍ റിലീസ് ചെയ്യും.

DONT MISS
Top