സച്ചിന്‍ വിരമിച്ചതോടെ ക്രിക്കറ്റ് കാണുന്നത് ഞാന്‍ നിര്‍ത്തി! പലരും പറഞ്ഞ ഈ വാക്കുകള്‍ അഭിനവ് ബിന്ദ്രയും പറയുന്നു

സച്ചിനും അഭിനവ് ബിന്ദ്രയും

സച്ചിനും അഭിനവ് ബിന്ദ്രയും

മുംബൈ: ഇന്ത്യന്‍ ദേശീയ ഗാനം ഒളിമ്പിക്‌സ് വേദിയില്‍ മുഴക്കിയ താരമാണ് അഭിനവ് ബിന്ദ്ര. ഇന്ത്യയ്ക്കായി ഒളിമ്പിക്‌സ് സ്വര്‍ണ്ണം നേടിയ ആദ്യത്തേതും ഒരേയൊരു താരവുമാണ് ബിന്ദ്ര. ഷൂട്ടിങിംഗില്‍ മാത്രമല്ല ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ച  പ്രതിഭകളിലൊരാളാണ് ഇദ്ദേഹം. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഭൂരിപക്ഷം ഇന്ത്യാക്കാരെപ്പോലെയും സച്ചിനോട് കടുത്ത ആരാധനയുള്ള വ്യക്തിയാണ് ബിന്ദ്ര. സച്ചിനെ റോള്‍ മോഡലായി കാണുന്ന ബിന്ദ്ര, സച്ചിന്‍ വിരമിച്ചതോടെ ക്രിക്കറ്റ് കാണുന്നത് തന്നെ നിറുത്തി എന്നാണ് പറയുന്നത്.

ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് സച്ചിനോടുള്ള തന്റെ ആരാധനയെക്കുറിച്ചും സച്ചിന്‍ കളി അവസാനിപ്പിച്ചതോടെ ക്രിക്കറ്റ് കാണുന്നത് നിറുത്തിയതിനെക്കിറിച്ചുമെല്ലാം ബിന്ദ്ര മനസ്സ് തുറന്നത്. ഷൂട്ടിങ് മത്സരങ്ങളുടേയും പരിശീലനത്തിന്റേയും തിരക്കിനിടയിലും ക്രിക്കറ്റ് വിടാതെ പിന്തുടര്‍ന്നിരുന്ന ബിന്ദ്ര സച്ചിന്‍ വിരമിച്ചതോടെ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം തന്നെ നഷ്ടമായെന്ന് പറഞ്ഞു. മറ്റുള്ളവരില്‍ നിന്നുമെല്ലാം ഒരുപാട് മുകളിലാണ് സച്ചിനെന്ന പ്രതിഭയും വ്യക്തിയുമെന്നാണ് ഒളിമ്പിക്ക് ചാമ്പ്യന്റെ അഭിപ്രായം.

ലോകത്ത് ക്രിക്കറ്റിന് ഒരുപാട് ആരാധകരുണ്ടെന്ന് പറഞ്ഞ ബിന്ദ്ര, ക്രിക്കറ്റ് വളരണമെങ്കില്‍ ചെറു രാജ്യങ്ങളേയും ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരണമെന്നും പറഞ്ഞു. 100 ല്‍ അധികം രാജ്യങ്ങള്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ബിന്ദ്ര വ്യക്തമാക്കി. റിയോയിലെ പരാജയത്തെ തുടര്‍ന്ന് ബിന്ദ്ര ഷൂട്ടിങില്‍ നിന്നും വിരമിച്ചിരുന്നു.

DONT MISS
Top