മെസ്സിയ്ക്കും ക്രിസ്റ്റ്യാനോയ്ക്കും മേലെ പറന്ന് അന്റോണിയോ ഗ്രീസ്മാന്‍

അന്റോണിയോ ഗ്രീസ്മാന്‍

അന്റോണിയോ ഗ്രീസ്മാന്‍

മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കടത്തി വെട്ടി അത്‌ലറ്റിക്കോയുടെ അന്റോണിയോ ഗ്രീസ്മാന്‍ സീസണിലെ താരം. ബാഴ്‌സയുടെ ഉറുഗ്വയന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസും 2015-16 സീസണിലെ മികച്ച താരത്തിലുള്ള പുരസ്‌കാര പട്ടികയിലുണ്ടായിരുന്നു. ലോക ഫുട്‌ബോളിലെ തന്നെ മൂന്ന് സൂപ്പര്‍ താരങ്ങളെ പിന്നിലാക്കിയാണ് ഗ്രീസ്മാന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

വലന്‍സിയയില്‍ നടന്ന ചടങ്ങില്‍ മികച്ച ഫോര്‍വേഡായി തെരഞ്ഞെടുത്തത് അര്‍ജന്റീനന്‍ നായകന്‍ മെസ്സിയെയാണ്. ബാഴ്‌സന്‍ മുന്നേറ്റങ്ങളില്‍ മെസിയുടെ പങ്കാളിയായ സ്വാരസാണ് നോണ്‍-യൂറോപ്യന്‍ പ്ലെയര്‍. പുരസ്‌കാര രാവ് നിറഞ്ഞുനിന്നത് അത്‌ലറ്റിക്കോ മാഡ്രിഡായിരുന്നു. തിയാഗോ സിമിയോണാണ് മികച്ച പരീശീലകനുള്ള പുരസ്‌കാരം നേടിയത്. ഇതിന് പുറമെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരവും അത്‌ലറ്റിക്കോയുടെ തിയാഗോ ഗോഡിന്‍ കരസ്ഥമാക്കി. സീസണിന്റെ താരമായ ഗ്രീസ്മാന് തന്നെയാണ് ഫാന്‍സ് അവാര്‍ഡും.

സ്പാനിഷ് ഫുട്‌ബോളിലെ മറ്റൊരു വമ്പനായ റയലിലേക്കും പുരസ്‌കാരമെത്തിയിട്ടുണ്ട്. റയലിന്റെ ലൂക്കാ മോഡ്രിക് ആണ് മികച്ച മധ്യനിരക്കാരന്‍. ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഗ്രീസ്മാന്‍ ഭാവിയില്‍ മെസിയെപ്പോലെയും ക്രിസ്റ്റയാനോയെപ്പോലെയും ലോക ഫുട്‌ബോളിലെ ഇതിഹാസ താരമാകും എന്നാണ് കരുതപ്പെടുന്നത്. അത്‌ലറ്റിക്കോയുടെ വിജയങ്ങളുടെ മുഖ്യ ശില്‍പ്പിയാണ് ഈ ഫ്രഞ്ചുകാരന്‍. കഴിഞ്ഞ സീസണില്‍ അത്‌ലറ്റിക്കോയ്ക്കായി 38 തവണ ബൂട്ട് കെട്ടിയ ഗ്രീസ്മാന്‍ 22 ഗോളുകളും അതിലധികം ഗോളുകള്‍ക്ക് വഴി തുറക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാന്‍സിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്നത് ഗ്രീസ്മാന്റെ പ്രകടനമാണ്.

DONT MISS
Top