പീഢനത്തിന് ഇരയായ യുവതിയോട് പീഢിപ്പിച്ചയാളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ട ചാനല്‍ അവതാരകനെതിരെ വ്യാപക പ്രതിഷേധം

അല ചെബി

അല ചെബി

ടൂണിസ്: പീഢനത്തിന് ഇരയായ യുവതിയോട് പീഢിപ്പിച്ചയാളെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ട ചാനല്‍ അവതാരകനെതിരെ വ്യാപക പ്രതിഷേധം. ടൂണിഷ്യയിലെ പ്രമുഖചാനലിലെ അവതാരകനായ അല ചെബിയാണ് യുവതിയോട് പീഢിപ്പിച്ചയാളെ വിവാഹം ചെയ്യാനും കേസ് അവസാനിപ്പിക്കാനും നിര്‍ദ്ദേശിച്ചത്. തന്റെ കുടുംബാംഗങ്ങളാല്‍ പീഢനത്തിന് ഇരയായ ഹാജര്‍ എന്ന യുവതിയോടാണ് അഭിമുഖത്തിനിടയില്‍ അല ചെബി മോശമായ രീതിയില്‍ സംസാരിച്ചത്.

14 ആം വയസ്സുമുതല്‍ കുടുംബാംഗങ്ങളാല്‍ നിരന്തരം പീഢനത്തിന് ഇരയായിരുന്നു എന്ന് വെളിപ്പെടുത്തിയ യുവതി താന്‍ എട്ട് മാസം ഗര്‍ഭിണിയാണെന്നും പറഞ്ഞു. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ഹാജറിനെ വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. കുടുംബത്തിന്റെ തന്നെ കൃഷിയിടത്തില്‍ ജോലി ചെയ്ത് വരികയാണ് യുവതിയിപ്പോള്‍. തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന ദുരന്ത ജീവിതത്തെ കുറിച്ച് പറഞ്ഞ ഹാജറിനോട് കുട്ടിയുടെ പിതാവ് ആരാണെന്ന് ചോദിക്കുകയായിരുന്നു അവതാരകന്‍ . രണ്ടാനമ്മയുടെ സഹോദരന്റെ കുഞ്ഞാണ് തന്റെ ഉള്ളില്‍ വളരുന്നത് എന്ന് പറഞ്ഞ യുവതിയോട് എങ്കില്‍ നിങ്ങള്‍ അയാളെ വിവാഹം കഴിക്കണമെന്നും അതോടെ കേസ് അവസാനിക്കുമെന്നുമായിരുന്നു അവതാരകന്റെ മറുപടി.

തന്റെ പിതാവിനോട് ഗര്‍ഭിണിയാണെന്നും തനിക്ക് മാപ്പ് നല്‍കണമെന്നും പറയാനും യുവതിയോട് അവതാരകന്‍ ആവശ്യപ്പെട്ടു. സ്വന്തം തെറ്റ് അംഗീകരിക്കണമെന്നും അവതാരകന്‍ പറഞ്ഞു. ചെബിയുടെ മോശം പെരുമാറ്റം രാജ്യത്തുടനീളം പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും പീഢനത്തിനെതിരെ നിശബ്ദത പാലിച്ചതിലൂടെ ഹാജര്‍ തെറ്റ് ചെയ്തതായും ചെബ്ബി പറഞ്ഞു. ചെബിയുടെ പ്രസ്താവനയ്ക്ക് എതിരെ സാമൂഹ്യപ്രവര്‍ത്തകരും സ്ത്രീമുന്നേറ്റ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്.

DONT MISS
Top