ആപ്പിളിന്‍റെ വ്യാജന്മാര്‍ ആമസോണിലും; നേരറിഞ്ഞ ആപ്പിള്‍ ‘പിടിമുറുക്കി’

apple
ദില്ലി: ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകളില്‍ ബ്രാന്‍ഡുകളുടെ വ്യാജന്‍മാര്‍ പൂണ്ട് വിളയാടുകയാണ് ഇപ്പോള്‍. ഒറിജിനല്‍ ബ്രാന്‍ഡ് ഉത്പന്നങ്ങളെന്ന് ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റുകള്‍ മുദ്രവെച്ച് നല്‍കുന്ന സാധനങ്ങള്‍ പോലും ശരാശരി നിലവാരം പോലും പുലര്‍ത്താറില്ല. ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും ഇതിനെ കുറിച്ച് അജ്ഞരാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണില്‍ നിന്നും ലഭ്യമാകുന്ന തങ്ങളുടെ ഉത്പന്നങ്ങളുടെ യാഥാര്‍ത്ഥ്യം പരിശോധിക്കാന്‍ ആപ്പിള്‍ ഇറങ്ങി തിരിച്ചത്.

ആപ്പിളില്‍ നിന്നുമുള്ള ചാര്‍ജ്ജറുകളും, കേബിളുകളുമാണെന്ന് വ്യക്തമാക്കി കൊണ്ട് ആമസോണ്‍ ലഭ്യമാക്കിയ ഉത്പന്നങ്ങളെ വന്‍തോതില്‍ ആപ്പിള്‍ തന്നെ വാങ്ങി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ്, ഇതില്‍ 90 ശതമാനം ഉത്പന്നങ്ങളും വ്യാജന്മാരാണെന്ന് മനസിലായത്. ന്യൂജഴ്‌സിയിലുള്ള കമ്പനിയ്‌ക്കെതിരെ ആപ്പിള്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തലിാണ് ആമസോണില്‍ ആപ്പിള്‍ നടത്തിയ അന്വേഷണത്തിന്റെ കഥ പുറം ലോകമറിയുന്നത്.

amazon

വ്യാജ കേബിളുകളും ചാര്‍ജ്ജറുകളും തീരെ നിലവാരം പുലര്‍ത്തുന്നതല്ലെന്നും ഇത് തീപിടുത്തത്തിന് വരെ കാരണമായേക്കാമെന്നും ആപ്പിള്‍ പരാതിയില്‍ പറയുന്നു. ഇത്തരം ചാര്‍ജ്ജറുകളും കേബിളുകളും ആപ്പിളില്‍ നിന്നുമുള്ള യഥാര്‍ത്ഥ ഉത്പന്നമാണെന്ന രൂപേണയാണ് ആമസോണ്‍ വില്‍പനയ്ക്ക് വെച്ചിരുന്നത്. പരിശോധനയില്‍ ഉത്പന്നങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞത് ആമസോണിനെ അപ്പിള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈല്‍ സ്റ്റാര്‍ എന്ന ന്യൂജഴ്‌സിയിലെ കമ്പനിയാണ് ഉത്പന്നങ്ങളെ ആമസോണിനെ കബളിപ്പിച്ച് നല്‍കിയത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പരാതിയില്‍ ആമസോണിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, വ്യാജന്മാരുടെ വ്യവഹാരത്തിന് ആമസോണ്‍ മൗനാനുവാദം നല്‍കി വരികയാണെന്ന് പ്രസ്താവനയില്‍ ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top