വസ്‌ത്രോല്‍പ്പന്ന മേഖലയിലും ബിസിനസ് സാമ്രാജ്യം വിപുലമാക്കാനൊരുങ്ങി ‘പതഞ്ജലി’

pathsnjsli

മുംബൈ: രാജ്യത്ത് അതിവേഗം വളരുന്ന വസ്‌ത്രോല്‍പ്പന്ന വിപണിയിലെ കിടമത്സരം മുറുകുമെന്ന സൂചന നല്‍കി പ്രമുഖ എഫ്എംസിജി കമ്പനിയായ പതഞ്ജലിയും ഈ രംഗത്തക്ക് കടന്നുവരുന്നു. അടുത്തിടെ പ്രഖ്യാപിച്ച സ്വദേശി ജീന്‍സിന് പുറമേ മറ്റു വസ്‌ത്രോല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കാനുളള തയ്യാറെടുപ്പിലാണ് കമ്പനി.

അടുത്തിടെ വസ്‌ത്രോല്‍പ്പന്ന രംഗത്തെ ബഹുരാഷ്ട്ര കമ്പനികളെ അടക്കം വെല്ലുവിളിച്ച് സ്വദേശി ജീന്‍സ് പുറത്തിറക്കുമെന്ന പതഞ്ജലിയുടെ പ്രഖ്യാപനം വലിയ മാധ്യമശ്രദ്ധയാണ് നേടിയത്. ഇതിന്റെ പ്രചോദനം ഉള്‍കൊണ്ട് വസ്‌ത്രോല്‍പ്പനരംഗത്തെ മുഴുവന്‍ ഉല്‍പ്പനങ്ങളും വിപണിയില്‍ എത്തിക്കാനുളള ശ്രമത്തിലാണ് പതഞ്ജലി. കോട്ട് മുതല്‍ അടിവസ്ത്രം വരെയുളള ഉല്‍പന്നങ്ങളുടെ നീണ്ട നിര അടുത്തവര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്ന് യോഗ ഗുരു ബാബാ രാംദേവ് അറിയിച്ചു.

എല്ലാവരും സ്വദേശി ജീന്‍സിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ സാരി, കോട്ട്, അടക്കം ജനങ്ങള്‍ സാര്‍വത്രികമായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച് മത്സരത്തിന് തയ്യാറെടുക്കുകയാണെന്ന് ബാബാ രാംദേവ് പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം കമ്പനിയുടെ വളര്‍ച്ചയില്‍ 100 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം ഇത് 200 ശതമാനമായി ഉയരുമെന്നും ബാബാ രാംദേവ് പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വദേശി ജീന്‍സ് ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വിദേശ ബ്രാന്‍ഡുകളുമായി മത്സരിക്കാന്‍ തയ്യാറാണെന്ന വ്യക്തമായ സന്ദേശം നല്‍കിയാണ് സ്വദേശി ജീന്‍സ് പ്രഖ്യാപിച്ചത്.

എഫ്എംസിജി മേഖലയില്‍ അതിവേഗം വളരുന്ന പതഞ്ജലി അഞ്ചുവര്‍ഷം കൊണ്ട് വരുമാനത്തില്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനം 5000 കോടി രൂപയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കാര്‍ഷികമേഖലയില്‍ അടക്കമുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനം 10000 കോടി രൂപയാക്കി ഉയര്‍ത്താനാണ് കമ്പനി ആഗ്രഹിക്കുന്നത്.

DONT MISS
Top