സച്ചിനെ പുലിമുരുകനാക്കി ആരാധകന്‍; ലാലേട്ടന്‍ ചിത്രത്തിന്റെ ബിജിഎം കൊണ്ട് ക്രിക്കറ്റ് ദൈവത്തിന് ട്രിബ്യൂട്ട്

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

മലയാളികളുടെ പ്രിയതാരങ്ങളാണ് മോഹന്‍ലാല്‍ എന്ന നടന വിസ്മയവും സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന ക്രിക്കറ്റ് വിസ്മയവും. അതാത് മേഖലകളില്‍ സ്വപ്രയത്‌നം കൊണ്ട് ഇതിഹാസ തലത്തിലേക്ക് വളര്‍ന്നവര്‍.

മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍ എന്ന താര ചക്രവര്‍ത്തി. ക്രിക്കറ്റില്‍ വരവറിയിച്ചത് മുതല്‍ സച്ചിനും മലയാളികളുടെ ഒഴിച്ചുകൂടാനാകാത്ത ഇഷ്ടങ്ങളില്‍ ഒന്നായി. കൊച്ചിയുടെ മണ്ണില്‍ നടന്ന ആദ്യ അന്താരാഷ്ട്ര ഏകദിനത്തിനായാണ് ക്രിക്കറ്റ് ദൈവം ആദ്യമായി മലയാള മണ്ണില്‍ കാലുകുത്തിയത്. പിന്നീട് ഒന്നുരണ്ടു തവണ കൂടി ക്രിക്കറ്റിനായി വന്നുപോയി. പോയപ്പോള്‍ മലയാളികളുടെ ഹൃദയവും കൊണ്ടാണ് ഈ മുംബൈക്കാരന്‍ പോയത്. കരിയറിലെ മികച്ച ബൗളിംഗ് പ്രകടനങ്ങള്‍ മലയാളികള്‍ക്കായി സമ്മാനിച്ച് സച്ചിനും തന്റെ സ്‌നേഹം കാട്ടി.

ക്രിക്കറ്റിന്റെ ക്രീസ് വിട്ടശേഷം സച്ചിന്‍ തനി മലയാളിയായി മാറിയിരിക്കുകയാണ്. മലയാളത്തിനായി സ്വന്തമായി ഐഎസ്എല്‍ ടീമിനെ തന്നു. പിന്നെ സ്ഥിരമായി ഇവിടെ വന്നു പോകുന്നു. അങ്ങനെ മൊത്തത്തില്‍ ഒരു തനി കേരളീയനായി സച്ചിന്‍ മാറിയിരിക്കുകയാണ്. അതിന് തിരിച്ചൊരു സമ്മാനം, അത് പലപ്പോഴായി കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രിയനടന്റെ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രം ഇറങ്ങിയപ്പോള്‍ അതുമായി ചേര്‍ത്ത് പ്രിയ സച്ചിന് ഒരു ആദരം നല്‍കാതിരിക്കാനാകുമോ. പുലിമുരുകനിലെ ബിജിഎം ഉപയോഗിച്ചാണ് ട്രിബ്യൂട്ട് നല്‍കിയിരിക്കുന്നത്.

അരുണ്‍ എഡിറ്റ്‌സിന് വേണ്ടി അരുണ്‍ പിജിയാണ് മനോഹരമായ ഈ ട്രിബ്യൂട്ട് ഒരുക്കിയിരിക്കുന്നത്. സച്ചിന്റെ മനോഹരമായ ഏകദിന ഇന്നിംഗ്‌സുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് റീമിക്‌സ്.

DONT MISS
Top