ടൊവിനോയ്ക്ക് പിന്നാലെ തീയറ്റര്‍ ‘ചുവപ്പിക്കാന്‍’ സഖാവ് നിവിനും സഖാവ് ദുല്‍ഖറും

ടൊവിനോയും നിവിനും ദുല്‍ഖറും (ഫയല്‍)

ടൊവിനോയും നിവിനും ദുല്‍ഖറും (ഫയല്‍)

മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിനായുള്ള ആവേശക്കാത്തിരിപ്പിലാണ് മലയാളി സിനിമാ പ്രേമികളിപ്പോള്‍.ടൊവിനോയുടെ കട്ടക്കലിപ്പ് സഖാവിന് പിന്നാലെ, മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും, യൂത്ത് ഐക്കണ്‍ നിവിന്‍ പോളിയും തീയറ്ററുകളെ ചുവപ്പണിയിക്കാനുള്ള സിനിമകളുമായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. പുതിയ സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിലാണ് സഖാവായി നിവിന്‍ പോളി എത്തുന്നത്. അമല്‍ നീരദിന്റെ സഖാ എന്ന സിനിമയുടെ ആദ്യഘട്ട ചര്‍ച്ചകളിലാണ് ദുല്‍ഖര്‍.

മലയാളസിനിമാ ചരിത്രത്തിലിന്നോളം കേട്ടിട്ടില്ലാത്ത കഥയുമായാണ് അമല്‍നീരദിന്റെ സിനിമയെത്തുന്നത്. ലാറ്റിനമേരിക്കയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് രാഷ്ട്രീയവുമായുള്ള ബന്ധവും, പ്രണയും ഇടകലര്‍ന്ന സിനിമ പുതുമ നിറഞ്ഞതുതന്നെയാണ്. സിനിമയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞുവെന്നാണ് സിനിമാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായ നായകനായി ദുല്‍ഖറെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഥ ദുല്‍ഖറിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സിദ്ധാര്‍ത്ഥ് ശിവയുടെ പുതിയ ചിത്രത്തില്‍ യുവ രാഷ്ട്രീയക്കാരനായാണ് നിവിന്‍ പോളിയെത്തുക. സിനിമ മാര്‍ച്ചില്‍ റിലീസാകും. യുവസഖാവായാകും നിവിന്റെ രാഷ്ട്രീയ നായകനെത്തുക.കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന് ശേഷം ആദ്യമായി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന സിനിമയാകുമിത്. പ്രേമത്തിലെ അതേ കലിപ്പ് താടിയുമായാകും നിവിനീ സിനിമയിലുമെത്തുക എന്നും ഇതിനകം തന്നെ ഉറപ്പായിക്കഴിഞ്ഞു. ഐശ്വര്യ രാജേഷ്, ശ്രീനിവാസന്‍ എന്നിവരും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തും.

‘കലിപ്പ് കട്ടക്കലിപ്പ്’ പാട്ടിലൂടെ തന്നെ പ്രേക്ഷകമനസുകള്‍ കീഴടക്കിയ മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ടോം ഇമ്മട്ടിസംവിധാനം ചെയ്ത സിനിമ, മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ ചരിത്രമാണ് പറയുന്നത്. തനി കട്ടക്കലിപ്പ് എസ്എഫ്‌ഐക്കാരനായി, ചുവന്ന കൊടിയും പിടിച്ച് വരുന്ന ടൊവിനോയെ ഇതിനകം തന്നെ, ഇരുകയ്യും നീട്ടിയാണ് വിദ്യാര്‍ത്ഥി സമൂഹവും ഇടതുപക്ഷ വിശ്വാസികളുമുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചത്. ചുവപ്പില്‍ ചാലിച്ച ആ പാട്ടുതന്നെയാണ്, സിനിമയുടെ പ്രചരണത്തിലെ സുപ്രധാന പങ്കുവഹിച്ചത്.

വിദ്യാര്‍ത്ഥി നേതാവായും നാട്ടിലെ രാഷ്ട്രീയത്തിലിടപെടുന്നയാളായിയെല്ലാം മുന്‍പ് നിവിന്‍ അഭിനയിച്ചിരുന്നു. തട്ടത്തിന്‍ മറയത്തിലും, മലര്‍വാടി ആര്‍ട്‌സ് ക്ലബിലുമെല്ലാം പല സീനുകളിലും ചുവന്ന കൊടിയും ചെഗുവരയുമെല്ലാം പ്രത്യക്ഷപ്പടുകയും ചെയ്തിരുന്നു. തലശേരിക്കാരനായ കമ്യൂണിസ്റ്റായായിരുന്നു നിവിന്റെ തട്ടത്തിന്‍ മറയത്തിലെ വേഷം തന്നെ. ദുല്‍ഖറിന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയെന്ന സിനിമയിലെ ചില രംഗങ്ങളിലും സമാനമായ പ്രതീകങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസനും, സമീര്‍താഹിറുമാണ് ഈ സിനിമകളുടെ പിന്നണിയിലെന്നതിനാല്‍ ഇതില്‍ അദ്ഭുതവും തോന്നാനുമില്ല.

എന്തായാലും നിവിന്‍ പോളിയും ദുല്‍ഖറും കൂടി സിനിമയില്‍ ചുവപ്പണിഞ്ഞ് വരാനുള്ള എന്ന കാത്തിരിപ്പിലാണ് കേരളം.

DONT MISS
Top