ഭീകരതയുടെ ആകാശക്കാഴ്ച്ച; ചാവേര്‍ ആക്രമണം നടത്തുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ താലിബാന്‍ പുറത്ത് വിട്ടു

dron

കാബൂള്‍:  ചാവേര്‍ ആക്രമണം നടത്തുന്നതിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ ഭീകരര്‍ പുറത്ത് വിട്ടു. ഒക്ടോബര്‍ ആദ്യം നടത്തിയ ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ താലിബാനാണ് പുറത്ത് വിട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ യഥാര്‍ത്ഥമാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

ഹംവീ വാഹനം ഉപയോഗിച്ച് ഹെല്‍മന്‍ഡ് പ്രവിശ്യയിലെ പൊലീസ് ആസ്ഥാനത്തേക്ക് ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയിരിക്കുന്നത്. 23 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് താലിബാന്‍ പുറത്ത് വിട്ടിരിക്കുന്നത്. സ്വയം പൊട്ടിത്തെറിക്കാന്‍ പോവും മുന്‍പ് വാഹനത്തിന് മുന്നില്‍ നിന്ന് സംസാരിക്കുന്ന ചാവേറിനെയും വീഡിയോയില്‍ കാണാം. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് ചാവേര്‍ പറയുന്നത്.

പൊട്ടിത്തെറിക്കാനുള്ള വാഹനവുമായി നീങ്ങുന്ന ചാവേറിനെ ഡ്രോണ്‍ തുടക്കം മുതല്‍ പിന്തുടരുന്നുണ്ട്. അത്യാധുനിക ക്യാമറ ഉപയോഗിച്ച് എച്ച്ഡി മികവോടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. വാഹനം ലക്ഷ്യസ്ഥാനത്തെത്തിയ ഉടന്‍ തന്നെ പൊട്ടിത്തെറിക്കുന്നതും, സ്‌ഫോടനത്തിന് ശേഷം പ്രദേശത്തെ മുഴുവന്‍ വിഴുങ്ങുന്ന തരത്തിലുള്ള ഭീമന്‍ പുക ഉയരുന്നതായും വീഡിയോയില്‍ കാണാം.

ലക്ഷ്യ സ്ഥാനം ചുവന്ന വൃത്തത്തിനുള്ളില്‍ അടയാളപ്പെടുത്തിയിരിക്കുന്നതും വീഡിയോയിലുണ്ട്. ചാവേര്‍ ആക്രമണത്തില്‍ ജില്ലാ പൊലീസ് മേധാവിയടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

DONT MISS
Top