എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത ജുങ്കോ താബേ അന്തരിച്ചു

ജുങ്കോ താബേ

ജുങ്കോ താബേ

ടോക്കിയോ : എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയും ജാപ്പനീസ് പര്‍വതാരോഹകയുമായ ജുങ്കോ താബേ അന്തരിച്ചു. 77 വയസ്സായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് നാലു വര്‍ഷമായി ചികിത്സയിലായിരുന്ന താബേയുടെ അന്ത്യം, വടക്കന്‍ ടോക്കിയോയിലെ സായിതാമാ ആശുപത്രിയില്‍ വെച്ചായിരുന്നു.

1975 മെയില്‍ 35 ആം വയസ്സിലാണ് താബേ എവറസ്റ്റ് കീഴടക്കുന്നത്. എവറസ്റ്റിനു പുറമേ താന്‍സാനിയയിലെ കിളിമഞ്ചാരോ, യുഎസിലെ മക്കിന്‍ലേ, അന്റാര്‍ട്ടിക്കയിലെ വിന്‍സണ്‍ മാസിഫ് തുടങ്ങി ലോകത്തെ ഏറ്റവും ഉയര്‍ന്ന ഏഴ് കൊടുമുടികളും താബേ കീഴടക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ജപ്പാനിലെ ഫ്യൂജി കൊടുമുടി കയറിയതാണ് അവസാനദൗത്യം.

ജുങ്കോ താബേ( ഫയല്‍ ചിത്രം)

ജുങ്കോ താബേ( ഫയല്‍ ചിത്രം)

1939 ല്‍ പത്താം വയസ്സിലാണ് താബെ തന്റെ പര്‍വതാരോഹണ ദൗത്യത്തിന് തുടക്കമിടുന്നത്. 6289 അടി ഉയരമുള്ള നാസു പര്‍വ്വതമാണ് അധ്യാപികയുടെ സഹായത്തോടെ ജുങ്കോ കീഴടക്കിയത്. 1969 ല്‍ അവര്‍ ലേഡീസ് ക്ലൈംബിംഗ് ക്ലബ് സ്ഥാപിച്ചു.

1970 മേയ് 19 ന് അന്നപൂര്‍ണ്ണ പര്‍വ്വതം കീഴടക്കിയ ശേഷമാണ്, താബേയുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം എവറസ്റ്റ് പര്യവേഷണത്തിനായി തയ്യാറെടുക്കുന്നത്. സംഘത്തില്‍ ഭൂരിഭാഗവും വനിതകളായിരുന്നു.

ജുങ്കോ താബേ എവറസ്റ്റ് കീഴടക്കിയശേഷം

ജുങ്കോ താബേ എവറസ്റ്റ് കീഴടക്കിയശേഷം

1975 മേയ് നാലാം തീയതിയാണ് താബേയും സംഘവും എവറസ്റ്റ് പര്യവേഷണം ആരംഭിച്ചത്. 6,500 അടി മുകളില്‍ ആദ്യത്തെ ക്യാമ്പ് സ്ഥാപിച്ച സംഘത്തിന് പെട്ടെന്നുണ്ടായ കനത്ത ഹിമപാതം വന്‍ തിരിച്ചടിയാണ് നല്‍കിയത്. ടെന്റുകള്‍ തകരുകയും ഹിമപാതത്തെതുടര്‍ന്ന് താബേ ബോധരഹിതയാകുകയും ചെയ്തു. എന്നാല്‍ താബേയുടെ നിശ്ചദാര്‍ഢ്യത്തെ തോല്‍പ്പിക്കാന്‍ ഇതിനൊന്നും ആയില്ല. 1975 മെയ് പതിനാറാം തീയതി കൊടുമുടി കീഴടക്കിയ താബേ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതയെന്ന ചരിത്രത്തിലേക്കും പദമൂന്നി.

56 രാജ്യങ്ങളിലായി ഏതാണ്ടെല്ലാ പര്‍വതങ്ങളും കീഴടക്കിയ പര്‍വതാരോഹകയാണ് ജാങ്കോ താബേ. ജപ്പാനിലെ ഹിമാലയന്‍ അഡ്വഞ്ചേഴ്‌സ് ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണുമായിരുന്നിട്ടുണ്ട് താബേ.

DONT MISS
Top