മാനനഷ്ടത്തില്‍ തുക കുറച്ച് മാണി; 10 കോടി വേണ്ട 20 ലക്ഷം മതിയെന്ന് മാണിയുടെ അപേക്ഷ

കെ എം മാണി ( ഫയല്‍ ചിത്രം)

കെ എം മാണി ( ഫയല്‍ ചിത്രം)

തിരുവനന്തപുരം : ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമ ബിജു രമേശിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ മുന്‍മന്ത്രി കെ എം മാണി നഷ്ടപരിഹാര തുക കുറച്ചു. ആരോപണമുന്നയിച്ച ബിജു രമേശിനെതിരെ നഷ്ടപരിഹാരമായി 10 കോടിരൂപ മാണി മാനനഷ്ടകേസ് നല്‍കിയിരുന്നത്. ഇത് 20 ലക്ഷമായാണ് കുറച്ചത്.

നഷ്ടപരിഹാരമായി 10 കോടിയ്ക്ക് പകരം 20 ലക്ഷം മതിയെന്ന് കാണിച്ച് മാണിയുടെ അഭിഭാഷകന്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം കോടതിയില്‍ അപേക്ഷ നല്‍കി. കോടതി ഫീസായി 15 ലക്ഷം രൂപ കെട്ടിവെക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നഷ്ടപരിഹാരമായി വന്‍തുക ആവശ്യപ്പെടുമ്പോള്‍ അതിന് ആനുപാതികമായ തുക കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടതുണ്ട്. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുമ്പോള്‍ ഭീമമായ തുക കോടതിയില്‍ നല്‍കേണ്ടിവരും. ഇതാണ് മാനനഷ്ടത്തിന്റെ വില കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവാരമില്ലാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ മാണിയ്ക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തലിനെതിരെയാണ് ഹര്‍ജി നല്‍കിയത്. 2015 മാര്‍ച്ചിലാണ് തിരുവന്തപുരം സബ്‌കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. പ്രസ്താവന പിന്‍വലിച്ച് ബിജു രമേശ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, മാപ്പ് പറയാനാവില്ലെന്നും സത്യമായ കാര്യങ്ങള്‍ മാത്രമാണ് താന്‍ ഉന്നയിച്ചതെന്നുമാണ് ബിജു രമേശിന്റെ നിലപാട്. ബാര്‍ കോഴക്കേസില്‍ രണ്ടാം തുടരന്വേഷണം വിജിലന്‍സ് തുടങ്ങിയതിന് പിന്നാലെയാണ് മാണിയുടെ പുതിയ അപേക്ഷ.

DONT MISS
Top