ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇന്ത്യക്കാര്‍ ബഹിഷ്‌ക്കരിക്കണമെന്ന് ബാബാ രാംദേവ്; ട്വീറ്റ് ചെയ്തത് ചൈനയില്‍ നിര്‍മ്മിക്കുന്ന ഐഫോണിലൂടെ!

babaramdev-tweet

ദില്ലി: ഇന്ത്യക്കാര്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് യോഗഗുരു ബാബാ രാംദേവ് പ്രഖ്യാപിച്ചത്.  എന്നാല്‍ രാംദേവിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇപ്പോള്‍ നവ മാധ്യമങ്ങളിലെ പുതിയ ചര്‍ച്ച. ചൈനീസ് ഉത്പ്പന്നത്തിലൂടെയാണ് രാംദേവ് ബഹിഷ്കരണ ആഹ്വാനം നടത്തിയത് എന്നതാണ് രസകരമായ വസ്തുത.

നമ്മളെ എല്ലായ്‌പ്പോഴും ചതിച്ചവരാണ് ചൈനയെന്നും ചൈനീസ് ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് ശത്രുക്കളെ സഹായിക്കുന്നതിന് തുല്യമാണെന്നും അതിനാല്‍ ഇന്ത്യക്കാര്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആയിരുന്നു ബാബാ രാംദേവ് ട്വീറ്റ് ചെയ്തത്.

ട്വീറ്റ്ഡെക്ക് എന്ന സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ബാബ രാംദേവ് ട്വീറ്റ് ചെയ്തത് ഐഫോണിനായുള്ള ട്വിറ്റര്‍ ആപ്ലിക്കേഷനിലൂടെയാണ് എന്നാണ് തെളിഞ്ഞത്. ഐഫോണുകള്‍ നിര്‍മ്മിക്കുന്നത് ചൈനയിലാണ് എന്നതാണ് രാംദേവിന്റെ ആഹ്വാനത്തിലെ ആത്മാര്‍ത്ഥയെ കുറിച്ച് സംശയം ഉയര്‍ത്തുന്നത്. ചൈനീസ് ഉത്പ്പന്നം ഉപയോഗിക്കുന്നയാള്‍ക്ക് അവയുടെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യാന്‍ അവകാശമുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്.

ബാബ രാംദേവിന്‍റെ ട്വീറ്റ്:

നേരത്തേ കശ്മീരിലെ വിഘടനവാദിയായ ഹഫീസ് സെയ്ദിനെ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ വധിക്കണമെന്ന് ബാബാ രാംദേവ് ആവശ്യപ്പെട്ടിരുന്നു.

സ്വദേശി ഉത്പ്പന്നങ്ങള്‍ വിപണിയിലിറക്കാനായി സഹയാത്രികനായ ആചാര്യ ബാലകൃഷ്ണയോടൊത്ത് ‘പതഞ്ജലി’ എന്ന ഇന്ത്യന്‍ ബ്രാന്‍ഡ് രാംദേവ് നേരത്തെ ആരംഭിച്ചിരുന്നു. 25,000 കോടി രൂപയാണ് പതഞ്ജലി സിഇഒ ആയ ആചാര്യ ബാലകൃഷ്ണയുടെ ആസ്തി. കറുപ്പും വെളുപ്പും നിറങ്ങള്‍ കലര്‍ന്ന റേഞ്ച് റോവര്‍ കാറില്‍ സഞ്ചരിക്കുന്ന ഇദ്ദേഹം ഉപയോഗിക്കുന്നതും ഐഫോണാണ്.

ഐഫോണുകള്‍ ഉത്പ്പാദിപ്പിക്കുന്നത് ചൈനയിലാണ്. ഇത് കൂടാതെ ആപ്പിള്‍ ഇന്ത്യയില്‍ ആരംഭിക്കാനിരിക്കുന്ന പ്ലാന്റിലും ഉപയോഗിക്കുന്നത് ചൈനീസ് കമ്പനിയായ ഫോക്‌സ്‌കോണ്‍ ആണ്. സാധാരണഗതിയില്‍ ട്വിറ്ററില്‍ ഏത് ഫോണ്‍ ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് എന്ന് അറിയാന്‍ കഴിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഡാഷ് ബോര്‍ഡായ ട്വീറ്റ്‌ഡെക്ക് ഉപയോഗിക്കുമ്പോഴാണ് ഇത് അറിയാന്‍ കഴിയുന്നത്.

രാംദേവിനെ വിമര്‍ശിച്ചു കൊണ്ടുള്ള ഒരു ട്വീറ്റ്:

DONT MISS
Top