ജപ്പാനില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി

earth-quake

ടോക്കിയോ: പടിഞ്ഞാറന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വിഭാഗം വ്യക്തമാക്കുന്നു. അതേസമയം അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

പ്രഭവകേന്ദ്രത്തിന് ഏകദേശം പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂചലനം നടന്നയിടങ്ങളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. പ്രദേശത്തെ ന്യൂക്ലിയര്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈദ്യുതി വിതരണം നടത്തുന്ന ലൈനുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്തെ നാലായിരം വീടുകളില്‍ വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.

ജപ്പാനില്‍ അടിക്കടി ഭൂചലനങ്ങള്‍ ഉണ്ടാകാറുള്ളതിനാല്‍ അധികൃതര്‍ എപ്പോഴും ജാഗ്രത പാലിക്കാറുണ്ട്. 2011-ല്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായിരുന്നു. അന്നുണ്ടായ ഭൂചനത്തില്‍ ഫുക്കുഷിമയിലെ ആണവ റിയാക്ടറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതിന് ശേഷവും അന്‍പതോളം ചെറുതും വലുതുമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.

DONT MISS
Top