ദിപയുടെ ബിഎംഡബ്ല്യുവിനായി റോഡ് നന്നാക്കാം: ത്രിപുര സര്‍ക്കാര്‍

ദീപ കര്‍മാക്കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ദീപ കര്‍മാക്കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍

അഗര്‍ത്തല : ഒളിമ്പിക്‌സ് പ്രകടനമികവിന് ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍ക്ക് ലഭിച്ച ബിഎംഡബ്ല്യു കാറിനായി റോഡ് നന്നാക്കുമെന്ന് ത്രിപുര സര്‍ക്കാര്‍. എന്നാല്‍ തന്റെ ഗ്രാമത്തില്‍ റോഡ് സൗകര്യം മോശമായതിനാല്‍ ബിഎംഡബ്ല്യു കാര്‍ തിരിച്ചു നല്‍കുന്നുവെന്നായിരുന്നു ദിപ അറിയിച്ചത്. സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ല്യുവിന് പകരം, തന്റെ ഗ്രാമത്തില്‍ ഓടിക്കാന്‍ പറ്റുന്നതരത്തിലുള്ള മറ്റൊരു കാര്‍ നല്കണമെന്നും ദിപ ആവശ്യപ്പെട്ടിരുന്നു.

ദിപയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ദിപയുടെ താമസസ്ഥലത്തേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള റോഡ് നവീകരിക്കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത മാസം തന്നെ റോഡ് നവീകരണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ സോമേഷ് ചന്ദ്രദാസ് അറിയിച്ചു.

ദീപ കര്‍മാക്കര്‍ സമ്മാനമായി ലഭിച്ച കാറിനൊപ്പം

ദീപ കര്‍മാക്കര്‍ സമ്മാനമായി ലഭിച്ച കാറിനൊപ്പം

എന്നാല്‍ സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത ദിപ, റോഡ് മോശമായതുകൊണ്ട് മാത്രമല്ല കാര്‍ തിരിച്ചു നല്‍കാമെന്ന് തീരുമാനിച്ചതെന്ന് പറഞ്ഞു. ബിഎംഡബ്ല്യു കാറിന്റെ സര്‍വീസും മെയിന്റനന്‍സും പ്രശ്‌നമാണ്. അതിനാലാണ് താനും കുടുംബവും  ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നതെന്നും ദിപ വ്യക്തമാക്കി.

റിയോ ഒളിമ്പിക്‌സിലെ ജിംനാസ്റ്റിക്‌സ് മല്‍സരത്തില്‍ നാലാം സ്ഥാനത്തെത്തിയ പ്രകടനം പരിഗണിച്ചാണ് ദിപയ്ക്ക് ബിഎംഡബ്ല്യു കാര്‍ നല്‍കിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് കാര്‍ സമ്മാനിച്ചത്. ദിപയ്ക്കു പുറമെ, സാക്ഷി മാലിക്, പി വി സിന്ധു, ബാഡ്മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്കും ബിഎംഡബ്ല്യു കാര്‍ സമ്മാനിച്ചിരുന്നു.

DONT MISS
Top