ടൊറന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നവരാണോ? എങ്കില്‍ നിങ്ങളെ കുറിച്ചുള്ള ഈ അഞ്ച് കാര്യങ്ങളാണ് ലോകത്തിന് മുന്നില്‍ എത്തുന്നത്

torrent

പ്രതീകാത്മക ചിത്രം

വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ടൊറന്റുകള്‍ ഉപയോഗിക്കുക എന്നത്. ടൊറന്റ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും നിയമവിരുദ്ധമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. പൈറേറ്റഡ് സോഫ്റ്റ്‌വെയറുകള്‍, പകര്‍പ്പവകാശമുള്ള സിനിമകള്‍, വീഡിയോകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ബിറ്റ് ടൊറന്റ്, മ്യുടൊറന്റ് എന്നിവയാണ് ടൊറന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ജനകീയ സോഫ്റ്റ്‌വെയറുകള്‍.

എന്നാല്‍ ടൊറന്റ് ഉപയോഗിച്ച് ഫയലുകള്‍ ഡൗണ്‍ലോഡു ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ പലവിവരങ്ങളും പുറംലോകവുമായി പങ്കുവെക്കപ്പെടുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. മൊബൈല്‍ ഫോണില്‍ പോലും ഇപ്പോള്‍ ടൊറന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാമെന്നിരിക്കെ ടൊറന്റ് ഉപയോഗിക്കുമ്പോള്‍ ഇന്റര്‍നെറ്റിന്റെ വിശാലതയിലേക്ക് പങ്കുവെക്കപ്പെടുന്ന നിങ്ങളെ സംബന്ധിച്ച അഞ്ച് പ്രധാന വിവരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.

  • ഐപി വിലാസം

ഇന്റര്‍നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏതൊരു ഉപകരണത്തെയും പ്രത്യേകമായി തിരിച്ചറിയാനുള്ള വിലാസമാണ് ഐപി വിലാസം (ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വിലാസം). ടൊറന്റ് സംവിധാനം ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ഐപി വിലാസം പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഉപഭോക്താവ് ഡൗണ്‍ലോഡ് ചെയ്യുന്ന അതേ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാകുന്നത്. സീഡ് വിഭാഗത്തില്‍ പെട്ടവര്‍ക്കും ലീച്ച് വിഭാഗത്തില്‍ പെട്ടവര്‍ക്കും ഐപി വിലാസം ലഭ്യമാകും.

അപരിചിതരുമായി നമ്മുടെ ഐപി വിലാസം പങ്കുവെയ്ക്കുന്നത് തീരെ സുരക്ഷിതമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. കാരണം ടൊറന്റ് ശൃംഖലയിലുള്ള ‘പിയേഴ്‌സ്’ (Peser) നിങ്ങളെ സഹായിക്കാനായി മാത്രമുള്ളവരല്ല. ഇക്കൂട്ടത്തില്‍ ഹാക്കര്‍മാരും ഉണ്ടാകാം. ഐപി വിലാസങ്ങള്‍ ‘കൊയ്‌തെടുക്കാനായി’ മാത്രമാണ് ഇവര്‍ നിലകൊള്ളുന്നത്.

  • സോഷ്യല്‍ മീഡിയ ചാനലുകള്‍

ടൊറന്റ് ലഭ്യമാകണമെങ്കില്‍ ചിലപ്പോള്‍ വെബ്‌സൈറ്റുകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരേണ്ടതായി വരും. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന ഫയലുകള്‍ നിയമവിരുദ്ധമായവ അല്ലെങ്കില്‍ കൂടി സോഷ്യല്‍ മീഡിയയില്‍ അവരെ പിന്തുടരുന്നത് മറ്റ് പ്രശ്‌നങ്ങളിലേക്ക് വഴി തെളിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളിലേക്കും ഫോറങ്ങളിലേക്കും നിങ്ങള്‍ ചേര്‍ക്കപ്പെടാം.

  • ഐഎസ്പി (ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്‌സ്)

നിങ്ങളെ ഏറ്റവുമറിയുന്നത് നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാതാവിനാണ് (ഐഎസ്പി-ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്‌സ്). നിങ്ങള്‍ നെറ്റില്‍ ചെയ്യുന്നതെല്ലാം സേവനദാതാവിന് നിരീക്ഷിക്കാം. മാത്രമല്ല ആവശ്യമാവുന്ന സന്ദര്‍ഭങ്ങളില്‍ സര്‍ക്കാറിനോ പൊലീസിനോ നല്‍കുകയും ചെയ്യാം. ഇത് ചെയ്യാന്‍ സേവനദാതാക്കള്‍ക്ക് മടിയില്ല. ടൊറന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നത് സേവനദാതാക്കള്‍ക്ക് പൊതുവേ രസിക്കുന്ന കാര്യമല്ല. ഡാറ്റ അമിതമായി ഉപയോഗിക്കുന്നതാണ് കാരണം.

  • യൂസര്‍നെയിമും പാസ്‌വേഡും

ചില സന്ദര്‍ഭങ്ങളില്‍ ടൊറന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് ഉണ്ടാക്കേണ്ടതായി വരാം. ഇതിനായി നിങ്ങള്‍ക്ക് യൂസര്‍നെയിമും പാസ്‌വേഡും ആവശ്യമാണ്. ഇന്റര്‍നെറ്റ് ഉപഭോക്താക്കളായ മിക്കവര്‍ക്കും ഉള്ള ശീലമാണ് വിവിധ അക്കൗണ്ടുകള്‍ക്ക് ഒരേ പാസ്‌വേഡ് നല്‍കുക എന്നത്. നിങ്ങളുടെ ഇത്തരം വ്യക്തിഗത വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളില്‍ എത്തിയാല്‍ എന്തു സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാം. ആട്ടിന്‍ തോലിട്ട ചെന്നായയോടാണ് ഇതിനെ വിദഗ്ധര്‍ ഉപമിക്കുന്നത്.

  • ട്രാഫിക്ക് ഇന്‍ഫര്‍മേഷന്‍

ടൊറന്റ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നത് എല്ലാവര്‍ക്കുമറിയാവുന്നതുപോലെ എളുപ്പമുള്ള കാര്യമല്ല. അനുയോജ്യമായ ടൊറന്റ് ഫയല്‍ ലഭിക്കുന്നതിനായി നിരവധി വൈബ്‌സൈറ്റുകളില്‍ കയറി ഇറങ്ങേണ്ടി വരാം. വെബ്‌സൈറ്റുകളില്‍ നിരവധി ‘ഡൗണ്‍ലോഡ്’ ബട്ടണുകള്‍ ഉണ്ടാകും. ഇതില്‍ പലതിലും ക്ലിക്ക് ചെയ്യുന്നതു വഴി അനാവശ്യമായ ഫയലുകള്‍ കമ്പ്യൂട്ടറിലേക്കോ ഫോണിലേക്കോ ഡൗണ്‍ലോഡ് ചെയ്യപ്പെടാം. നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിന്റെ ഉള്ളടക്കം നിയമവിരുദ്ധമല്ലായെങ്കിലും ഇന്റര്‍നെറ്റിലൂടെയുള്ള നിങ്ങളുടെ മുഴുവന്‍ ട്രാഫിക്ക് വിവരങ്ങളും വെബ്‌സൈറ്റിന്റെ അഡ്മിന് ലഭ്യമാകും. മുന്‍പ് പറഞ്ഞ ചെന്നായയുടെ കാര്യം ഇവിടെയും ഓര്‍മ്മിക്കാം.

DONT MISS
Top