ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുടക്കം; ജപ്പാനെ ഗോള്‍ മഴയില്‍ മുക്കി ഇന്ത്യ

indai-hockey

ക്വന്ദന്‍: നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് സ്വപ്‌ന തുടക്കം. രണ്ടിനെതിരെ പത്ത് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം ജപ്പാനെ തകര്‍ത്തടുക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ രൂപീന്ദര്‍പാല്‍ സിങ്ങ് ആറ് ഗോള്‍ നേടി.

ജാപ്പനീസ് പ്രതിരോധത്തെ കാഴചക്കാരാക്കി രൂപീന്ദര്‍പാല്‍ സിങ്ങ് നേടിയ ആദ്യ നാല് ഗോളുകള്‍ മത്സത്തിന്റെ വീര്യം വര്‍ധിപ്പിക്കുകയായിരുന്നു. രൂപീന്ദര്‍പാല്‍ സിങ്ങിന് പിന്തുണയേകിയുള്ള നീക്കങ്ങള്‍ ആവിഷ്കരിച്ച സ്‌ട്രൈക്കര്‍ രമന്‍ദീപ് സിങ്ങ് ആദ്യ ക്വാര്‍ട്ടറില്‍ നേടിയ ഇരട്ട ഗോളും, തല്‍വീന്ദര്‍ സിങ്ങ്, യൂസഫ് അഫാന്‍ എന്നിവരുടെ ഗോളുകളും ഇന്ത്യന്‍ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു.

ഇന്ത്യന്‍ ഗോള്‍ മഴയില്‍ ജപ്പാന്‍ താരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പതറിയെങ്കിലും, വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല. തത്ഫലമായി കെന്റ ടനാക്ക, ഹിരോമാസ ഒച്ചിയ എന്നിവര്‍ ഇന്ത്യന്‍ വല കുലുക്കി. ജാപ്പനീസ് നിരയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ലഭിച്ച പത്ത് കോര്‍ണറുകൡ ആറെണ്ണം ഗോള്‍ വര കടത്തിയപ്പോള്‍, മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ജപാന് കണ്ട് നില്‍ക്കാന്‍ മാത്രമെ സാധിക്കുമായിരുന്നുള്ളു.

മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ രമന്‍ദീപിലൂടെ ഇന്ത്യ സ്‌കോറിങ്ങ് ആരംഭിച്ചു. സര്‍ദാര്‍സിങ്ങില്‍ നിന്നും ലഭിച്ച പന്തിനെ, ജാപ്പനീസ് ഗോള്‍ക്കീപ്പര്‍ മാഷാഹിതോ കുനിട്ടോമോയെ സാക്ഷിയാക്കി രമന്‍ദീപ് ഗോള്‍ നേടുകയായിരുന്നു. തുടര്‍ന്ന് ആക്രമണം അഴിച്ച് വിട്ട ഇന്ത്യന്‍ സംഘത്തിന് മുന്നില്‍ ഏറെ പിടിച്ച് നില്‍ക്കാന്‍ ജാപ്പനീസ് താരങ്ങള്‍ക്ക് സാധിക്കാതെ വരികയായിരുന്നു.

നേരത്തെ, നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്താനെ മലേഷ്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു.

DONT MISS
Top