‘ഹീറോ’യായി ഛേത്രി; ചരിത്ര മുന്നേറ്റം നടത്തി ബംഗളൂരു എഫ്‌സി എഎഫ്‌സി കപ്പ് ഫൈനലില്‍

afc

ബംഗളൂരു: എഎഫ്‌സി കപ്പില്‍ ഇന്ത്യയ്ക്ക് ചരിത്രം. നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയുടെ ജോഹര്‍ ദാരുല്‍ താസിം ക്ലബിനെ, ഒന്നിനെതിരെ മൂന്ന് ഗോളിന് ബംഗളൂരു എഫ്‌സി കീഴടക്കി. ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍ താരം സുനില്‍ ഛേത്രി നേടിയ ഇരട്ട ഗോള്‍ മത്സരത്തില്‍ നിര്‍ണായകമായി. എവെ മത്സരത്തില്‍ നേടിയ ഒരു ഗോളിന്റെ പശ്ചാത്തലത്തില്‍ നേരിയ മുന്‍തൂക്കം ബംഗളൂരു ക്യാമ്പില്‍ ലഭിച്ചിരുന്നു. 4-2 എന്ന അഗ്രഗേറ്റോടെ എഎഫ്‌സി ഫൈനല്‍ യോഗ്യത നേടിയ ബംഗളൂരു എഫ്‌സി, ഇറാഖിന്റെ എയര്‍ഫോഴ്‌സ് ക്ലബായ അല്‍-ഖ്വായ അല്‍-ജൈ്വയ്യയെ നവംബര്‍ അഞ്ചിന് നേരിടും.

‘ചരിത്ര വിജയം’ എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊന്നും വേണ്ടെന്ന ബംഗളൂരുവിന്റെ നിലപാട് മത്സരത്തിന്റെ ആരംഭം മുതല്‍ക്കെ പ്രതിഫലിച്ചിരുന്നു. 3 ആം മിനിറ്റില്‍ ബംഗളൂരു നടത്തിയ നീക്കം ഇതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ജോഹറിന് നല്‍കിയത്. ബംഗളൂരുവിന്റെ മധ്യനിരയും മുന്നേറ്റ നിരയും പുലര്‍ത്തിയ അച്ചടക്കം, ജോഹര്‍ നിരയില്‍ സമ്മര്‍ദ്ദം ഇരട്ടിപ്പിച്ചു. എന്നാല്‍ ആക്രമണത്തിലൂന്നിയ ജെഡിറ്റിയുടെ നീക്കങ്ങള്‍ക്ക് 11 ആം മിനിറ്റില്‍ ഫലം ലഭിച്ചത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഞെട്ടിച്ചു. വലത് വിങ്ങില്‍ നിന്നും സാഫീഖ് തൊടുത്ത് ഷോട്ട് ബംഗളൂരു ഗോള്‍ കീപ്പറുടെ സ്പര്‍ശത്തോടെ വലയില്‍ പതിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ മത്സരത്തിന്റെ വേഗം ഇരു ടീമുകളും കുറച്ചത് ആരാധകരെ ആശയക്കുഴപ്പത്തിലെത്തിച്ചു. എന്നാല്‍ മത്സരത്തില്‍ പന്തടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബംഗളൂരുവിന്റെ നീക്കങ്ങള്‍ പതുക്കെ പന്തിനെ ജെഡിറ്റിയുടെ ഗോള്‍മുഖത്ത് നിലനിര്‍ത്തി. സമനില ഗോളിനായുള്ള ബംഗളൂരുവിന്റെ നീക്കങ്ങള്‍ 40 ആം മിനിറ്റില്‍ സുനില്‍ ഛേത്രിയിലൂടെ പര്യവസാനം ലഭിക്കുകയായിരുന്നു. ജെഡിറ്റിയ്‌ക്കെതിരെ ലഭിച്ച കോര്‍ണറിനെ അവസരത്തിനൊത്ത് ഉയര്‍ന്ന ഹെഡറിലൂടെ സുനില്‍ ഛേത്രി വലയിലെത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബംഗളൂരു ആക്രമണം മുഖമുദ്രയാക്കി മുന്നേറ്റങ്ങള്‍ ഏകോപിപ്പിച്ചു. 48 ആം മിനിറ്റില്‍ സുനില്‍ ഛേത്രി തൊടുത്ത പന്ത് ബാറിന് മുകളിലൂടെ പറക്കുമ്പോള്‍ ജെഡിറ്റി ക്യാമ്പില്‍ ആശ്വാസം നിഴലിക്കുകയായിരുന്നു.

തുടരെയുള്ള ബംഗളൂരുവിന്റെ ആക്രമണങ്ങളില്‍ പതറിയ ജെഡിറ്റിയ്ക്ക് മേല്‍ പ്രഹരമേല്‍പ്പിച്ച് 67 ആം മിനിറ്റില്‍ സുനില്‍ ഛേത്രി വീണ്ടും വല കുലുക്കിയപ്പോള്‍, ഇന്ത്യന്‍ ആരാധകര്‍ക്ക് ലഭിച്ചത് സ്വപ്‌നാനുഭവമായിരുന്നു. ജെഡിറ്റിയുടെ ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച പന്തിനെ ലക്ഷ്യത്തില്‍ അയച്ചപ്പോള്‍ ഗോള്‍ക്കീപ്പര്‍ വെറും കാണി മാത്രമായി.

ഗോള്‍ നേടി ആധിപത്യം നേടിയ ബംഗളൂരു എഫ്‌സി പക്ഷെ അടങ്ങിയിരിക്കാന്‍ തയ്യാറായിരുന്നില്ല. 75 ആം മിനിറ്റില്‍ ജൂനാനിലൂടെ ബംഗളൂരുവിന്റെ സ്‌കോറിനെ മൂന്നാക്കി ഉയര്‍ത്തി. 80 ആം മിനിറ്റില്‍ സുനില്‍ ഛേത്രിയെ പിന്‍വലിച്ച് കീഗന്‍ കളത്തിലിറങ്ങിയെങ്കിലും മത്സരം ഏറെകുറെ ബംഗളൂരുവിന്റെ കൈയില്‍ ഭദ്രമായിരുന്നു.

DONT MISS
Top