വാര്‍ത്ത വാസ്തവമാണോ? സംശയം തീര്‍ക്കാന്‍ ഇനി ഗൂഗിള്‍ സഹായിക്കും

 പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കാലിഫോര്‍ണിയ: ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ കാലമാണിത്. വാര്‍ത്തകള്‍ക്കായി കൂടുതല്‍ ആളുകളും തിരയുന്നത് ഇന്റര്‍നെറ്റിലാണ്. തിരയാന്‍ ആളുകൂടുന്നതു കൊണ്ട് എന്ത് തരത്തിലുള്ള അടിസ്ഥാനരഹിതമായ വാര്‍ത്തയും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാം എന്നതാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ അപാകത. പല വാര്‍ത്തയും വസ്തുതയ്ക്ക് നിരക്കാത്തതാണ്. പക്ഷെ ഈ കാലം കഴിയാന്‍ പോവുകയാണ്. ഓണ്‍ലൈന്‍ വാര്‍ത്തകളുടെ വസ്തുനിഷ്ടത ഉറപ്പു വരുത്താനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍.

സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ ഫാക്ട്- ചെക്ക് എന്ന പുതിയ ഫീച്ചറും ചേര്‍ത്തിരിക്കുകയാണ്.ഇതിലൂടെ വായനക്കാര്‍ക്ക് വാര്‍ത്ത ശരിയാണോ എന്ന് അനായാസം ഉറപ്പ് വരുത്താന്‍ കഴിയും. സ്‌കീമ.ഓര്‍ഗിന്റെ ക്ലെയിം റിവ്യൂ പ്രക്രിയയിലൂടെയാണ് വാര്‍ത്തകളുടെ സത്യസന്ധത തിരയുന്നത്. വായിക്കുന്നയാള്‍ക്ക് വാര്‍ത്ത വ്യാജമാണെന്ന് ഉറപ്പാണെങ്കില്‍ അത് ഈ ഫീച്ചറിലൂടെ മറനീക്കി പുറത്ത് കൊണ്ടുവരാന്‍ സാധിക്കും. ഇതുകേട്ട് വാര്‍ത്ത ശരിയാണോ എന്ന് പരിശോധിക്കാന്‍ ഗൂഗിളില്‍ പരതാന്‍ ഇറങ്ങിയാല്‍ സംഗതി നടക്കില്ല, കാരണം ഈ സൗകര്യം ഗൂഗിള്‍ യുകെയിലും യുഎസിലുമാണ് ആദ്യം പരീക്ഷിക്കുന്നത്. ഗൂഗിളിന്റെ ന്യൂസ് സൈറ്റിലും ആപ്പിലുമാണ് സൗകര്യം ലഭ്യമാവുക.

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചറിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. വാസ്തവത്തെ കെട്ടുകഥയില്‍ നിന്നും വേര്‍തിരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫാക്ട് ചെക്ക് കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഗൂഗിളിന്റെ വക്താക്കള്‍ അറിയിച്ചു. വാര്‍ത്തകളെ വളച്ചൊടിക്കുന്ന കാലത്ത് ഇതുപോലൊരു ഫീച്ചറിന്റെ സഹായം വളരെ വലിയ ഉപകാരമായിരിക്കും ചെയ്യുക എന്നുറപ്പാണ്.

DONT MISS
Top