സൗദി പൗരനെ വെടിവെച്ചു കൊന്ന കുറ്റത്തിന് സൗദി രാജകുമാരനെ വധശിക്ഷയ്ക്ക് വിധേയനാക്കി

executin

Representation Image

മനാമ: സൗദി പൗരനെ വെടിവെച്ചു കൊന്ന കുറ്റത്തിന് സൗദി രാജകുമാരന്മാരില്‍ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. തുര്‍കി ബിന്‍ സൗദ് ബിന്‍ തുര്‍ക്കി ബിന്‍ സൗദ് അല്‍ കബീര്‍ രാജകുമാരനെയാണ് സൗദി വധശിക്ഷയ്ക്ക് വിധേയനാക്കിയത്. മൂന്ന് വര്‍ഷം മുമ്പ് റിയാദിലെ തമാമില്‍ വെച്ച് ഉണ്ടായ ഒരു വഴക്കിനിടയില്‍ അദെല്‍ ബിന്‍ സൂലൈമാന്‍ ബിന്‍ അബ്ദുള്‍ കരീം അല്‍ മുഹമ്മദ് എന്നയാളെയാണ് രാജകുമാരന്‍ വെടിവെച്ചു കൊന്നത്.

തുടര്‍ന്ന് അല്‍ കബീറിനെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഇദ്ദേഹം കുറ്റം ഏറ്റു പറയുകയും ചെയ്തു. പ്രാദേശിക കോടതിയുടെ വിധിക്കെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈകോടതി വധശിക്ഷ ശരിവെച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇയാളുടെ ദയാഹര്‍ജി തള്ളിയിരുന്നു. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഇയാള്‍ക്ക് മാപ്പു കൊടുക്കാന്‍ തയ്യാറായില്ലെന്നാണ് അറിയുന്നത്.

പ്രതിയുടെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നീതി നടപ്പാക്കാന്‍ ഇരയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടത്. നീതിയും സുരക്ഷയും ദൈവ വിധിയും നടപ്പാക്കുന്നതില്‍ സല്‍മാന്‍ രാജാവിന്‍െറ താല്‍പര്യമാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിരപരാധികളുടെ രക്തം ചിന്തുന്നവര്‍ ആരായാലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കാനാണ് നീതി നടപ്പിലാക്കിയതെന്ന് മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കബീറിനെ വധിച്ചെന്ന് വാര്‍ത്താകുറിപ്പില്‍ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങിനെയാണ് രാജകുമാരനെ വധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയില്‍ രാജകുടുംബാംഗങ്ങളെ ശിക്ഷയ്ക്കിരയാക്കുന്നത് അപൂര്‍വ്വമായിട്ടാണ്. എന്നാല്‍ 1975 ല്‍ അമ്മാവന്‍ ഫൈസല്‍ രാജാവിനെ കൊന്നതിന്റെ പേരില്‍ ഫൈസല്‍ ബിന്‍ മുസൈദ് അല്‍ സൗദിനെ വധിച്ചതായിരുന്നു മുമ്പുണ്ടായ സംഭവം.

DONT MISS
Top