‘ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍’; ഐഫോണ്‍ 4 നെ ‘കൊല്ലാന്‍’ ആപ്പിള്‍ ഒരുങ്ങുന്നു

എെഫോണ്‍ 4

എെഫോണ്‍ 4

‘ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍’ എന്ന പരസ്യവാചകം ആപ്പിളിന്റെ കാര്യത്തില്‍ വീണ്ടും അന്വര്‍ത്ഥമാകുകയാണ്. ഐഫോണ്‍ ശ്രേണിയില്‍ പുത്തന്‍ മോഡലുകളെ അവതരിപ്പിച്ചതിന് പിന്നാലെ വന്‍മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് ആപ്പിള്‍. ഇതിന്റെ ആദ്യ പടിയായി ഐഫോണ്‍ ശ്രേണിയിലെ നാലാം തലമുറയെ കൈവിടാന്‍ ആപ്പിള്‍ തയ്യാറെടുക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒക്ടോബര്‍ 31 ഓടെ ഐഫോണ്‍ 4 (iphone 4) നെ തങ്ങളുടെ വിന്റേജ് (vintage) ലിസ്റ്റിലും കാലഹരണപ്പെട്ട ഉത്പന്നങ്ങളുടെ പട്ടികയിലും ആപ്പിള്‍ ഉള്‍പ്പെടുത്തും.

ജാപ്പനീസ് വെബ്‌സൈറ്റായ മാകോട്ടാക്കാര യിലാണ് (Macotakara) ഇത് സംബന്ധിച്ച വിവരങ്ങള്‍ ആദ്യം പുറത്ത് വിട്ടത്. 13 ഇഞ്ചുള്ള മാക്ബുക്ക് എയര്‍ (mac book air), എയര്‍പോര്‍ട്ട് എക്‌സ്ട്രീമിന്റെ മൂന്നാം തലമുറ (3rd generation airport extreme), 2009 ലെ എയര്‍പോര്‍ട്ട് ടൈം കാപ്‌സ്യൂള്‍ (airport time capsule) എന്നീ ഉത്പന്നങ്ങള്‍ക്കൊപ്പമാണ് ഐഫോണ്‍ 4 നും ആപ്പിള്‍ ‘ചരമഗീതം’ എഴുതുന്നത്. വിവരങ്ങള്‍ ജാപ്പനീസ് വിപണിയുടെ അടിസ്ഥാനത്തിലാണെങ്കിലും, ഉടന്‍ തന്നെ ഇത് മറ്റ് രാഷ്ട്രങ്ങളിലും നീക്കം പ്രാവര്‍ത്തികമാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആപ്പിളിന്റെ കാലഹരണപ്പെട്ട പട്ടികയില്‍ ഐഫോണ്‍ 4 ഉള്‍പ്പെടുന്നതോടെ ഇനി ആപ്പിള്‍ ഔദ്യോഗിക പിന്തുണ ഐഫോണ്‍ 4 ന് ലഭിക്കുന്നതായിരിക്കില്ല. ആപ്പിളിന്റെ എക്കാലത്തേയും മികച്ച ഉത്പന്നങ്ങളുടെ നിരയില്‍ പ്രഥമ സ്ഥാനമാണ് ഐഫോണ്‍ 4ന് ഉള്ളത്. 2010 ലാണ് ഐഫോണ്‍ 4 രാജ്യാന്തര വിപണയില്‍ സാന്നിധ്യമറിയിച്ചത്. പിന്നാലെ, 2011 ല്‍ ഐഫോണ്‍ 4 s (iphone 4s) നെ ആപ്പിള്‍ അവതരിപ്പിച്ചു. 2013 ഓടെയായിരുന്നു ഐഫോണ്‍ 4 ന്റെ ഉത്പാദനം ആപ്പിള്‍ നിര്‍ത്തലാക്കിയത്. തുടര്‍ച്ചയായി 15 മാസം രാജ്യാന്തര വിപണയിലെ എതിരാളികള്‍ക്ക് മുമ്പില്‍ ഐഫോണ്‍ 4 മുന്നിട്ട് നിന്നത് ആപ്പിളിന്റെ കുതിപ്പിന് നിര്‍ണായകമായിരുന്നു.

DONT MISS
Top